സ്നേഹത്തുമ്പി

അടുത്ത ആഴ്ച നാട്ടില്‍ എല്ലാവരെയും കൂട്ടി ഒരു ഒത്തു കൂടല്‍ പ്ളാന്‍ ചെയ്തിട്ടുണ്ട്. ഇപ്രാവശ്യം ഇത് വരെ ഇല്ലാത്ത എന്തെങ്കിലും വേണം സ്പെഷ്യല്‍ ആക്കുവാന്‍. ഭക്ഷണത്തിന്റെ ചുമതല എന്‍റെ അല്ല. അതു വീട്ടുകാര്‍ ഭംഗിയായി ചെയ്തു കൊള്ളും. സ്പെഷ്യല്‍ അന്വേഷിച്ചു ചെന്നെത്തിയത് ഒരു കള്ള് കടയില്‍ - മധുലോക... ചുറ്റുമുള്ള നാടന്‍ / വിദേശി പരിഷകളില്‍ നിന്നും അകന്നു, പ്രത്യേകം തയ്യാറാക്കിയ മുറിയില്‍, അലൌകിക പ്രകാശത്തില്‍ കുളിച്ചു തറവാടിയായി ഇരിക്കുന്നു എന്‍റെ സ്പെഷ്യല്‍ - ഷാംപെയ്‌ന്‍. ഇത്  മതി, ഇത് തന്നെ മതി. ഇത് വരെ ആരും ഒരു പാര്‍ട്ടിക്കും വീട്ടില്‍ ഷാംപെയ്‌ന്‍ പൊട്ടിച്ചിട്ടില്ല. ആദ്യമായി എന്‍റെ വീട്ടില്‍.. ഹ ഹ ഹ...



തലേക്കെട്ടെല്ലാം കെട്ടി ഗമയോടെ ഇരിക്കുന്ന ഒരുത്തനില്‍ തന്നെ കണ്ണുടക്കി. കൊള്ളാം ഫ്രാന്‍സില്‍ നിന്നും ആണ് വരവ്. തിരിച്ചു വില നോക്കിയപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ കുപ്പി താഴെ വീഴാതിരുന്നത് എന്‍റെ ഭാഗ്യം... എന്‍റെ റേഞ്ചില്‍ വരുന്ന ഐറ്റം നോക്കി നോക്കി നടന്നു. ഒരു മൂലയില്‍ ചുളുങ്ങി ഇരിക്കുന്ന സില്ലി സ്വദേശി... അവനു പോലും ഒടുക്കത്തെ കാശ്... നക്ഷത്രങ്ങള്‍ എണ്ണി ഇനി എന്താ ഒരു വഴി എന്ന് ചിന്തിച്ചു ഒരു എത്തും പിടിയും ഇല്ലാതെ നിന്ന് പോയി... ' എന്താ ഇപ്പൊ ഷാംപെയിനില്‍  കുറഞ്ഞ ഒന്നും പറ്റില്ലാന്നായോ  ഏട്ടാ.. ' അതേതാ ഈ കിളി മൊഴി, അതും എന്നെ ഏട്ടാ എന്നൊക്കെ വിളിച്ചു... തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സുന്ദരിമോളേയും  എടുത്തു പുഞ്ചിരിച്ചും കൊണ്ടു നില്‍ക്കുന്നു അവള്‍ - പ്രിയ. കണ്ടിട്ട് വളരെ നാളുകള്‍ കഴിഞ്ഞെങ്കിലും അവളുടെ കണ്ണിലെ കുസൃതി ഇപ്പോഴും അതേ പോലെയുണ്ട്. അതാണല്ലോ അവളെ തിരിച്ചറിയാനും എനിക്ക് ഇത്രയ്ക്കു വേഗം കഴിഞ്ഞത്...
ആദ്യത്തെ ജോലി ചെന്നൈയില്‍ ആയിരുന്നു. കോള്‍ സെന്ററിലെ ജോലി കഴിഞ്ഞു തിരികെ റൂമിലെത്തുമ്പോള്‍ രാവിലെ ചായ സമയം ആയിട്ടുണ്ടാകും. അടുത്തുള്ള 'നായര്‍ ടീ കടയില്‍' ( ചെന്നൈയില്‍ ഉള്ള മലയാളികളുടെ ചായക്കടകള്‍ എല്ലാം നായര്‍ ടീ കട ആണല്ലോ ) ചായയും കഴിച്ചു ഉറങ്ങുക. പിന്നെ ഒരു നേരം ആകും എഴുന്നേറ്റു ഊണ് കഴിക്കുമ്പോള്‍.  അങ്ങിനെ ഒരു ദിവസം കുറെ അമേരിക്കക്കാരുടെ നീറുന്ന കമ്പ്യൂട്ടര്‍ പ്രശ്നങ്ങള്‍ തീര്‍ത്തു വന്നു ബാബുചെട്ടന്റെ പുട്ടിനോട് മല്ലിടുമ്പോഴാണ്  ഒരു കിളിനാദം.
'അണ്ണാ, ഇന്ത പത്തു രൂപയ്ക്ക് ഒരു രൂപ ചേഞ്ച്‌ തരുമാ...'
കോയിന്‍ ബോക്സില്‍ ഇടാന്‍ ഒറ്റ രൂപ നാണയത്തിനു വേണ്ടി വന്ന മറ്റൊരാള്‍ . അവളുടെ ചന്ദനക്കുറിയും, ചവച്ചു തുപ്പിയ തമിഴും ഇതെന്താപ്പാ ഞാന്‍ ഇവിടെ വല്ല മണ്ടത്തരോം കാണിച്ചോ എന്ന മട്ടിലുള്ള നില്‍പ്പും രസം തന്നെ ആയിരുന്നു. ബാബുച്ചേട്ടന്‍ ഗമയില്‍ എന്തോ വലിയ ത്യാഗം ചെയ്യുന്ന പോലെ ചില്ലറ കൊടുത്തു ഞങ്ങളെ നോക്കി ഒരു ചിരി. അവളുടെ ചില്ലറ പെട്ടെന്ന് തന്നെ തീര്‍ന്നു. പിന്നെയും വന്നപ്പോള്‍ എന്തോ ബാബുച്ചേട്ടന്‍ ഗമയൊന്നും  കാട്ടിയില്ല ഇനിയും വേണ്ടി വരുമോ എന്ന് മാത്രമേ ചോദിച്ചുള്ളൂ. 'അയ്യോ മലയാളിയാണോ' എന്നായിരുന്നു അവളുടെ ഉറക്കെയുള്ള ആത്മഗതം. 
'ഞാന്‍ മാത്രമല്ല, ദേ അവിടെ ഇരിക്കുന്നവരും മലയാളികളാ...' ഞങ്ങളെ ചൂണ്ടി കാണിച്ചും കൊണ്ടു ചേട്ടന്‍. 
അവള്‍ ഒരു പുഞ്ചിരി തന്നു സന്തോഷം കാണിച്ചു.
പറ്റു പുസ്തകം അപ് ഡേറ്റ് ചെയ്തു ഞാന്‍ ഉറങ്ങാന്‍ പോയി.

പിന്നെയും ഇടയ്ക്കിടെ അവളെ കണ്ടു മുട്ടി. പ്രിയ. പാലക്കാട് സര്‍ക്കാര്‍ ജോലിയുള്ള അച്ഛനും അമ്മയും. ഒരേയൊരു സന്താനം. മകളെ ഡോക്ടര്‍ ആക്കാനുള്ള ആഗ്രഹം മാര്‍ക്കും, എന്ട്രന്സിലെ റാങ്കും തടഞ്ഞപ്പോള്‍ ഒരു നേഴ്സ് ആയി എങ്കിലും ആശുപത്രിയില്‍ കയറ്റാനുള്ള  ആഗ്രഹത്തിന്റെ പുറത്തു ചെന്നൈയില്‍ എത്തിയവള്‍. അവിടെ അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ താമസം. ആകെ ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ അവിടെയുള്ളൂ. വേറെ ഒരു അമ്മാവന്‍ ഉണ്ട് കുറച്ചു അകലെ, അയാളുടെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്നതാണ് ആകെയുള്ള ഔടിംഗ്. ആരോന്ടെങ്കിലും ഇതൊക്കെ പറയാന്‍ അവള്‍ കാത്തിരിക്കുകയായിരുന്നു എന്ന പോലെ അവള്‍ കഥകള്‍ മുഴുവന്‍ വിളമ്പി. അങ്ങിനെ കഥയും കോളേജ് വിശേഷങ്ങളും ആയി പോകുന്ന ഒരു ദിവസം അവള്‍ എന്നോട്  അനുവാദം ചോദിക്കാതെ എന്നെ ഏട്ടനാക്കി. എനിക്ക് ഒരു അനുജത്തിയേ ഉള്ളൂ, വേറെ ആരും എന്നെ ഏട്ടാ എന്ന് വിളിക്കാറില്ല എന്ന് പറഞ്ഞെങ്കിലും അവള്‍ എന്നെ അങ്ങിനെ മാത്രമേ വിളിക്കൂ എന്ന് തീരുമാനിക്കുക മാത്രമല്ല, പിന്നെ അങ്ങിനെയേ വിളിച്ചിട്ടും ഉള്ളൂ.

പിന്നെ അവള്‍ കോളേജിലെ വിശേഷങ്ങള്‍ പറയാനും, അവളുടെ ഏകാന്തതയുടെ കഥകള്‍ പറയാനും മിക്ക ദിവസവും കാണും. ബാബു ചേട്ടന്റെ കൌതുകം പിന്നെ അവളെ മോളെ എന്ന് വിളിക്കുന്നതില്‍ എത്തി. അപ്പൂപ്പന്റെ മുരടന്‍ സ്വഭാവവും, അമ്മൂമ്മ അവളെ പരിഗണിക്കാതിരിക്കുന്നതും അവളെ വേദനിപ്പിച്ചിരുന്നു. അമ്മാവന്‍ ആദ്യമൊക്കെ സ്നേഹത്തോടെ പെരുമാറിയെങ്കിലും എല്ലാ ആഴ്ചയും അവിടെ പോയാല്‍ അവരുടെ സ്വകാര്യതയ്ക്ക് അവള്‍ തടസ്സമാകുമോ എന്ന് അവള്‍ ഭയന്നു.

ഒരു ദിവസം നല്ല പനിയോടെ ആണ് അവള്‍ വന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ തന്നെ മാറും എന്ന് പറഞ്ഞു അമ്മൂമ്മ അവഗണിച്ചത്രേ. അവളെയും കൂട്ടി അടുത്തുള്ള ഒരു ഡോക്ടറുടെ അടുത്ത് പോയി. ഊഴം കാത്തു ഇരിക്കുമ്പോള്‍ അതിനുള്ള ആവുധു പോലും ഇല്ലാതെ ഒരു പുഴുവിന്റെ പോലെ അവിടുത്തെ ഒരു ബെഞ്ചില്‍ അവള്‍ കൂനി കൂടി ഇരുന്നു... മരുന്നും ഒരു ഇന്ജെക്ഷനും എടുത്തു ബാബു ചേട്ടന്റെ കടയില്‍ നിന്നും നല്ല ചൂടന്‍ ദോശയും കഴിപ്പിച്ചു അവളെ വീട്ടിലേക്കു വിട്ടു. പിറ്റേന്ന് കാണുമ്പോഴേക്കും നല്ല ഭേദം ഉണ്ടായിരുന്നു. 

വീകെണ്ട് തന്നെ ഓഫ്‌ വേണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല കാള്‍ സെന്ററില്‍. വീണു കിട്ടുന്ന രണ്ടു ദിവസത്തില്‍ ഒന്നു അലക്കലും, ഉറക്കവും ആയി തീരും. രണ്ടാം ദിവസം കൂട്ടുകാരുമൊത്തു സിനിമയോ ബീച്ചോ നല്ല ഭക്ഷണവും ആയി ഒന്നു റിഫ്രെഷ് ആകും, അടുത്ത അഞ്ചു ദിവസത്തേക്ക് പോരാടാന്‍. അങ്ങിനെയൊരു അഞ്ചാം ദിവസം രണ്ടു മണിക്കൂര്‍ കൂടുതല്‍ ഇരുന്നു എല്ലാ അമേരിക്കക്കാരെയും തൃപ്തിപ്പെടുത്തി ബാബുചെട്ടന്റെ പറ്റിലോട്ടു സംഭാവന കൊടുത്തു മുറിയില്‍ എത്തിയതെ വീണു കിടക്കിയിലോട്ടു. ആഴത്തില്‍ ഉറക്കത്തെ അറിഞ്ഞു വരുന്ന നേരത്ത്  വാതിലില്‍ മുട്ട്. സഹമുറിയന്‍ വരേണ്ട നേരം ആയിട്ടില്ല. വാടക കൊടുത്തതാണ്. വല്ല സംഭാവനക്കാരും ആണെങ്കില്‍ കുറച്ചു കഴിഞ്ഞു പൊയ്ക്കോളും എന്ന് സമാധാനിച്ചു ഞാന്‍ പിന്നെയും ഉറക്കത്തിലേക്കു തിരിച്ചു പോയി. പിന്നെയും മുട്ട്... മുട്ട് മാത്രമല്ല ഏട്ടാ എന്ന വിളിയും. ക്ഷീണം എല്ലാം പമ്പ കടന്നു, ഉറക്കവും. ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ... വാതില്‍ തുറന്നതും അവള്‍ ഹാജര്‍.
'എന്താടി ഇവിടെ..' എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഉറക്കം കളഞ്ഞതിനും അവള്‍ ഇവിടെ വന്നതിനും.
'അതോ, എനിക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ല. ബാബു ചേട്ടനോട് ചോദിച്ചപ്പോള്‍ ഏട്ടന്‍ വീട്ടിലേക്കു പോയെന്നു പറഞ്ഞു. പുള്ളിയാ ഈ വീട് കാണിച്ചു തന്നേ...'
'ബെസ്റ്റ്. നിനക്ക് വിവരവും ഇല്ല, പുള്ളിക്ക് വക തിരിവും. എനിക്ക് നല്ല ക്ഷീണം ഉണ്ട്. നീയിപ്പോള്‍ വീട്ടില്‍ പോ. നമുക്ക് വൈകുന്നേരം കാണാം.'
'ഏട്ടന്‍ ഉറങ്ങിക്കോ. ഇപ്പോഴേ വീട്ടില്‍ പോയാല്‍ പിന്നെ ഇറങ്ങാന്‍ പറ്റില്ല. ഞാന്‍ ഏട്ടന്റെ മുറിയൊക്കെ ഒന്നു നോക്കി കാണട്ടെ'
എന്നോട് അനുവാദം ഒന്നും ചോദിക്കാതെ അവള്‍ മുറിയിലേക്ക് കയറി. 
എന്‍റെ പുസ്തകങ്ങളും സീ ഡീയും എല്ലാം തികഞ്ഞ സ്വാതന്ത്ര്യത്തോടെ അവള്‍ പരിശോധിക്കാന്‍ തുടങ്ങി. 'ഏട്ടന്‍ കിടന്നോ' എന്ന് അനുവാദവും. ഹൌസ് ഓണര്‍ ആന്റി വരുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും അവളോട്‌ പറഞ്ഞിട്ടേ പോകാവു എന്ന് പറഞ്ഞു ഞാന്‍ കിടന്നു. അധികം ഉറങ്ങാന്‍ പറ്റിയില്ല. എഴുന്നേറ്റപ്പോള്‍ അവള്‍ എന്‍റെ ഡിസ്ക് മാന്‍ എടുത്തു പാട്ട് കേട്ട് കൊണ്ടു ഇരിക്കുന്നു...  
'അതേ ഈ സീ ഡീ ഞാന്‍ കൊണ്ടു പോകുന്നു. ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി'
'അതു ഞാന്‍ മുഴുവനും കേട്ടിട്ടില്ല, പിന്നെ കൊണ്ടു പോകാം' എന്ന് പറഞ്ഞിട്ട ഒരു കാര്യവും ഉണ്ടായില്ല. അവള്‍ അതും കൊണ്ടു പോയി.

പിന്നെ മൂന്നു നാല് ദിവസം കഴിഞ്ഞാണ് അവളെ കണ്ടത്. അന്ന് അവള്‍ എന്‍റെ സീ ഡീ തിരിച്ചു തന്നു. പിന്നെ ഒരു പാട്ടെഴുതിയ കടലാസ് കാണിച്ചിട്ട് പറഞ്ഞു, ഈ പാട്ടിനാണ് ഞാന്‍ അതു കൊണ്ടു പോയത്...
ഒന്നും മനസ്സിലാവാതെ ഞാന്‍ നിന്നപ്പോള്‍ അവള്‍ ആ പാട്ട് മൂളി. 'സ്നേഹതുംബീ ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പീ...' അവള്‍ക്കു ഇത്ര മധുരമായി പാടാനും പറ്റുമോ...
'എട്ടന് വേണ്ടിയാണ് ഈ പാട്ട്...' എനിക്ക് ഒന്നും പറയാന്‍ കിട്ടിയില്ല...
' പിന്നെ എന്‍റെ പരീക്ഷ തുടങ്ങുകയാണ്. പ്രാര്‍ത്ഥിക്കണേ...'
'തീര്‍ച്ചയായും. നന്നായി പഠിച്ചു എഴുതൂ...'
'അപ്പൊ ഇനി രണ്ടാഴ്ച കഴിഞ്ഞു കാണാം'
പരീക്ഷ എന്ന് പറഞ്ഞാല്‍ ഇങ്ങനെയും ചൂട് കേറുമോ, കാണാന്‍ വന്നില്ല എന്ന് മാത്രമല്ല ഫോണ്‍ വിളി പോലും ഉണ്ടായില്ല. എന്തുണ്ടായാലും എന്നെ വിളിച്ചു പറയാതെ സമാധാനം കിട്ടാത്ത പെണ്ണ് ഇപ്പൊ ഒരു വരി sms കൂടെ ഇല്ലാ. ശരി എന്തെങ്കിലും ആകട്ടെ, നന്നായി പരീക്ഷ എഴുതിയാല്‍ മതിയായിരുന്നു.

രണ്ടു ആഴ്ചയല്ല പിന്നെയും കുറെ കഴിഞ്ഞാണ് അവളെ വീണ്ടും കണ്ടത്. അപ്പോള്‍ ആകെ വാടിയ പോലെ ആയിരുന്നു അവള്‍. പരീക്ഷക്ക്‌ വേണ്ടി ഇത്ര കഷ്ടപ്പെട്ട്  പഠിച്ചിട്ടും  ഉദ്ദേശിച്ച  പോലെ എഴുതാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.
'എന്തായി പരീക്ഷ അത്ര നന്നായില്ലെന്ന് തോന്നുന്നു...' പരമാവധി കൂള്‍ ആകാന്‍ ശ്രമിച്ചു
'ഏട്ടാ, ഞാന്‍ പരീക്ഷ എഴുതിയില്ല..'
'എങ്ങിനെ ?' എനിക്ക് ഒന്നും പിടി കിട്ടിയില്ല
'ഏട്ടനോട് പറയാത്ത ഒരു കാര്യം ഉണ്ട്. ഒരേയൊരു കാര്യം.' എങ്ങിനെ തുടങ്ങണം എന്ന് അവള്‍ പരതുന്നത് പോലെ തോന്നി 
'പറയൂ, ഞാന്‍ കേള്‍ക്കുന്നുണ്ട്' എങ്കിലും കേള്‍ക്കാന്‍ പോകുന്ന കാര്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു 
'എന്‍റെ കല്യാണമാണ്, വരുന്ന ഞായറാഴ്ച. '
ഞാന്‍ ശരിക്കും ഞെട്ടി. ' പഠിപ്പു തീരുന്നതിനു മുന്നേ... അതെന്തു പറ്റി...'
'ഇല്ല, അച്ഛനും അമ്മയും നടത്തുന്ന കല്യാണമല്ല. അവര്‍ക്ക് അതിനെ പറ്റി ചിന്തയുണ്ടോ എന്ന് പോലും എനിക്കറിയില്ല.'
.....
'എന്‍റെ കോളേജിന്റെ അടുത്ത് ഒരു ബൈക്ക്  റിപ്പയര്‍ കട നടത്തുന്നു അവന്‍. ഇവിടെ ഒരു അമ്പലത്തില്‍. എല്ലാം പറഞ്ഞു വച്ച് കഴിഞ്ഞു...'
'നിനക്ക് ഭ്രാന്താണ് പ്രിയാ.. മണ്ടത്തരം ഒന്നും കാണിക്കല്ലേ...'
'അതേ എനിക്ക് ഭ്രാന്താണ്, എന്‍റെ ഭ്രാന്തു പക്ഷെ അവനാണെന്ന് മാത്രം....'
വേറെയും എന്തൊക്കെയോ പുലമ്പി അവള്‍ പോയി. എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആയില്ല അതു. അവളുടെ വീടറിയില്ല. നാട്ടിലെ ആരെയും കോണ്ടാക്റ്റ് ചെയ്യാന്‍ നമ്പറില്ല. ബാബുവേട്ടനോട് പറഞ്ഞപ്പോള്‍ ആള്‍ക്കും ഒരു പിടിയും ഇല്ല.

അവളുടെ വിവരം ഇല്ലാത്ത കുറച്ചു ദിവസം കൂടെ കഴിഞ്ഞു പോയി. അന്ന് എനിക്ക് ഓഫ്‌ ഡേ ആയിരുന്നു. പാതിരാത്രി കഴിഞ്ഞ നേരത്ത് വീട്ടില്‍ മുട്ട്. ബാബുച്ചേട്ടന്‍... പുറത്തു നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോയില്‍ അവള്‍ - പ്രിയ.

അവളുടെ വരന്‍ അവളെ കാണാന്‍ വീട്ടില്‍ പോയത്രേ. അപ്പോള്‍ അവളുടെ അപ്പൂപ്പന്‍  അവനെ വഴക്ക് പറഞ്ഞു ഓടിച്ചു. അവളെ വീട്ടില്‍ പൂട്ടിയിട്ടു. അവള്‍ എങ്ങിനെയോ വീട്ടില്‍ നിന്നും ചാടി വന്നതാണ്. ഓട്ടോക്ക് കാശ് കൊടുക്കാന്‍ ബാബു ചേട്ടനോട് ചോദിച്ചപ്പോള്‍ അയാള്‍ അവളോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു എന്‍റെ അടുത്തേക്ക് കൂട്ടി  കൊണ്ടു വന്നു. എന്ത് ചെയ്താലും തിരികെ അപ്പൂപ്പന്റെ അടുത്തേക്ക് ഇല്ല എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനു ഒടുവില്‍ അവളെ അമ്മാവന്റെ വീട്ടിലേക്കു കൊണ്ടു പോയി ആക്കാം എന്ന് ധാരണയായി. ബാബു ചേട്ടനും കൂടെ വരാം എന്നേറ്റു.

ഞങ്ങള്‍ പറഞ്ഞത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായെങ്കിലും ആ സമയവും അവളെയും ഓര്‍ത്താകണം അയാള്‍ ഞങ്ങളോട് നന്ദി പറഞ്ഞു യാത്രയാക്കി. തിരിച്ചുള്ള യാത്രയില്‍ ഞാനോ ബാബു ചേട്ടനോ ഒരക്ഷരം മിണ്ടിയില്ല. ഒന്നും ഉണ്ടായിരുന്നില്ല പറയാന്‍.

രാവിലെ വീണ്ടും ഒരു മുട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ബാബു ചേട്ടന്‍. ഇനി എന്ത്.... ബാബു ചേട്ടന്‍ ഒറ്റക്കായിരുന്നില്ല. പ്രിയയുടെ അമ്മാവനും പിന്നെ ഒരു സ്ത്രീയും. അവര്‍ അവളുടെ അമ്മയാണെന്ന് പരിചയപ്പെടുത്തി. വളരെ കലി കൊണ്ടാണ് അവര്‍ നിന്നത്. അവരുടെ മകളെ ഞാന്‍ വഴി തെറ്റിച്ചു എന്നാണു അവര്‍ കരുതിയത്‌.... അതിന്റെ ദേഷ്യം തീരത്താണ് അവര്‍ പോയത്. അപ്പോള്‍ അവരെ തിരുത്താന്‍ എനിക്ക് തോന്നിയതും ഇല്ല....

അന്ന് വൈകുന്നേരം അവര്‍ വീണ്ടും വന്നു. അപ്പോഴേക്കും പ്രിയ പറഞ്ഞാവണം അവരുടെ കാഴ്ചപ്പാടില്‍ വ്യത്യാസം വന്നിരുന്നു. മാപ്പ് പറയുകയും ചെയ്തു. അവരുടെ നിറഞ്ഞ, കലങ്ങിയ കണ്ണുകളില്‍ അപ്പോള്‍ കണ്ട നിസ്സഹായ ഭാവം.... കാറില്‍ നിന്നും പ്രിയ ഇറങ്ങി വന്നു. 
'ഞാന്‍ പോവുകയാണ് നാട്ടിലേക്ക്... ഇനി ഈ നാട്ടിലേക്ക് ഉണ്ടാകില്ല. പഠിപ്പൊക്കെ ഇനി എന്താകുമോ എന്തോ...'
കണ്ണീരിനിടയിലും അവള്‍ ചിരി അഭിനയിക്കുന്നു...
'ഏട്ടാ... കൂടെ പിറന്നവളെ അല്ലാതെ വേറെ ആരെയും പെങ്ങളായി കരുതാന്‍ ഒരാണിനും പറ്റില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഏട്ടാ.. എന്‍റെ എട്ടനത് പറ്റുന്നുണ്ട്...'
അവള്‍ പിന്നെ ഒന്നും പറയാന്‍ നിന്നില്ല. യാത്ര പറഞ്ഞും ഇല്ല. കാറില്‍ കയറി ഇരിപ്പായി.
അവളുടെ അമ്മ കൈ കൂപ്പി യാത പറഞ്ഞു വണ്ടിയില്‍ കയറി. 
പിറ്റേന്ന് അവളുടെ അച്ഛന്റെ ഫോണ്‍ വന്നു എനിക്ക്. നന്ദി പറയാന്‍ വേണ്ടി. പിന്നെയും ഒന്നു രണ്ടു തവണ അദ്ദേഹവുമായി സംസാരിച്ചു. അവള്‍ ഡിപ്രഷനില്‍ ആണെന്നും  സൈക്കോളജിസ്ടിന്റെ  അടുത്ത് കൊണ്ടു പോകേണ്ടി വന്നു എന്നൊക്കെ... അവളോട്‌ സ്നേഹമില്ല എന്ന് അവള്‍ പറഞ്ഞ, അവള്‍ക്കു വേണ്ടി സമയം കണ്ടെത്താത്ത ആ അച്ഛന്‍ പലപ്പോഴും കരയുകയായിരുന്നു. എനിക്കോ വാക്കുകള്‍ നഷ്ടപ്പെട്ടു... പിന്നെ പിന്നെ ആളും വിളിക്കതെയായി. അവളുടെ മണ്ടത്തരങ്ങളും, ഏട്ടാ എന്നുള്ള വിളിയും, പനി പിടിച്ചു ചുരുണ്ട് കൂടി ഇരുന്ന അവളുടെ രൂപവും ഇടയ്ക്കു ഒരു നോവായി വന്നിരുന്നു. സ്നേഹത്തുംബീ എന്ന അവളുടെ പാട്ടും... പിന്നെ ചെന്നൈ വിട്ടു. ജോലി വേറെയായി. തിരക്കായി.  അവള്‍ ഇടയ്ക്കു വിങ്ങുന്ന ഓര്‍മയായി ഒതുങ്ങി...

അന്ന് കരഞ്ഞു കൊണ്ടു എന്‍റെ മുന്നില്‍ നിന്നും പോയ അവളാണ് ഇന്ന് എന്‍റെ മുന്നില്‍ നിറചിരിയോടെ നില്‍ക്കുന്നത്... മനസ്സ് നിറയുമ്പോള്‍ കണ്ണും നിറയുമോ... അവള്‍ അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തി. ഒരു ഡോക്ടര്‍. കുറച്ചു നേരം വിശേഷങ്ങള്‍ പങ്കു വച്ച്പിരിഞ്ഞു. അവളുടെ കുഞ്ഞിമോളും അവളും അവളുടെ ഭര്‍ത്താവും ഒരു നല്ല ചിത്രം എന്‍റെ മനസ്സില്‍. അപ്പോള്‍ അവളുടെ പാട്ട് എന്‍റെ മനസ്സില്‍ വീണ്ടും എത്തി 'സ്നേഹതുമ്പീ...'

20 comments:

  1. കൂടെ പിറന്നവളെ അല്ലാതെ വേറെ ആരെയും പെങ്ങളായി കരുതാന്‍ ഒരാണിനും പറ്റില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഏട്ടാ.. എന്‍റെ എട്ടനത് പറ്റുന്നുണ്ട്... ::: ഇന്ന് പുതിയൊരാളെ പരിചയപ്പെടാം...

    ReplyDelete
  2. >>'ഏട്ടാ... കൂടെ പിറന്നവളെ അല്ലാതെ വേറെ ആരെയും പെങ്ങളായി കരുതാന്‍ ഒരാണിനും പറ്റില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഏട്ടാ<<

    Loved it..! My wishes.

    ReplyDelete
  3. എന്താഡാ ഇത്..ഉറക്കം തൂങ്ങി ഇരുന്നാണോ ഇതെഴുതിയത്.. ഒന്നിനും വാലും തുമ്പും ഇല്ല ...
    അവള്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത ഒരാളുടെ റൂമില്‍ സ്വാതന്ത്ര്യത്തോടെ കേറി വരുക...അതിനുള്ള അടുപ്പം ഉണ്ടാകാന്‍ ഉള്ള ബാക്ക് ഗ്രൌണ്ട് നു ബലം പോര
    പ്രിയ ആദ്യം പ്രേമിച്ചു ചാടി കെട്ടാന്‍ പോയി എന്ന് പറയുന്നത് ഒരു BIKE REPAIR കാരനെ..പിന്നെ നിന്നെ ഭര്‍ത്താവ് ഒരു ഡോക്ടര്‍ (നാട്ടില്‍ പോകുമ്പോള്‍ ഉള്ള ഭാഗം വ്യക്തമല്ല.പിന്നെ കൊച്ചിനേം കൊണ്ട് കള്ളുകടയില്‍ പെണ്ണുങ്ങള്‍ വരുന്നത് യേത് നാട്ടിലാ.അമേരിക്ക യിലോ ...ഒരു വിശ്വാസ്യത വേണ്ടേ..തീരെ ഹോം വര്‍ക്ക്‌ ഇല്ല എന്ന് തീര്‍ച്ച.കുറ്റം പറയുന്നു എന്ന് തോന്നരുത്...ഇത് ഞാന്‍ ഒരു നന്മ നിറഞ്ഞവന്‍ ആണേ എന്ന് സെന്റി വര്‍ക്ക്‌ ചെയ്യാനുള്ള ശ്രമം പോലെ. സ്കിന്‍ ഇല അല്ലാതെ ഹൃദയത്തില്‍ തൊടുന്നില്ല .

    ReplyDelete
  4. ചെന്നൈയില്‍ ഉള്ള മലയാളികളുടെ ചായക്കടകള്‍ എല്ലാം നായര്‍ ടീ കട ആണല്ലോ.

    :)

    കഥ കൊള്ളാം.

    ReplyDelete
  5. എഴുതി തുടങ്ങിയപ്പോള്‍ എഴുതുന്നതിന്റെ സുഖം മനസ്സിലാകുന്നു അല്ലെ നചികെതുവേ... ബുദ്ധി ഉറക്കാത്ത പ്രായത്തില്‍, അച്ഛനും അമ്മയ്ക്കും തന്നോട് സ്നേഹമില്ല എന്ന് ഉറപ്പിച്ചു നോക്കുമ്പോള്‍ ബൈക്ക് കാരനെ തിരഞ്ഞെടുക്കില്ല എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ, പ്രത്യേകിച്ച് പാവം നടിച്ചു ഇരകളെ തേടി നടക്കുന്നവര്‍ തീരെ കുറവല്ലാത്ത ഈ കാലത്തില്‍... പിന്നെ ഒരാളെ പരിചയപ്പെടാനും അറിയാനും ചിലപ്പോള്‍ ഒരു ജീവിതം മുഴുവന്‍ വേണ്ടി വരില്ലാ മാഷേ. പിന്നീട് വീട്ടുകാര്‍ നടത്തിയ വിവാഹമാണ് ഡോക്ടരുമായുള്ളത്. പണ്ടത്തെ ശേഖരേട്ടന്റെ പീടികയില്‍ അല്ലാതെ, ഇപ്പോഴത്തെ ന്യു ജനറേഷന്‍ മാളുകളില്‍ പച്ചരിക്കടയുടെ ഉള്ളില്‍ തന്നെയുണ്ടാകും കള്ള് കടയും. പച്ചരി വാങ്ങാന്‍ കുഞ്ഞിനേയും കൊണ്ടു വരുമ്പോള്‍ പരിചയമുള്ള ഒരാളെ കള്ള് കടയില്‍ കണ്ടാല്‍ കുഞ്ഞിനെ പുറത്തു വച്ച് വരാന്‍ പറ്റുമോ. പിന്നെ വാങ്ങാന്‍ അല്ലെങ്കിലും എല്ലാം കാണാന്‍ കള്ള് ഭാഗത്ത്‌ കേറുന്ന സ്ത്രീകള്‍ കുറവല്ല.

    ReplyDelete
  6. എന്നാലും..നിന്നില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു..അത് തീര്‍ച്ചയായും ഇതല്ല

    ReplyDelete
  7. തീം നന്നായി ..അവതരണം ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നേല്‍ കുറച്ചു കൂടെ നന്നായിരുന്നേനെ, ഇടയ്ക്കിടെ ഉള്ള അവ്യക്തതകള്‍ ഒഴിവാകാമായിരുന്നു. വായിച്ചപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായം ആണ്. . ആശംസകള്‍ .

    ReplyDelete
  8. നന്നായിരിക്കുന്നു ആശംസകൾ.

    ReplyDelete
  9. നല്ലോന്‍റെ നല്ല കുറിപ്പ് നന്നായിരിക്കുന്നു...
    Hope they lived happily ever after...

    ReplyDelete
  10. നചികേതു / Intimate,
    എന്‍റെ മനസ്സില്‍ ഉള്ള കഥയ്ക്ക് പൂര്‍ണ രൂപം ഉണ്ടായിരുന്നു. പിന്നെ അതു എഴുതി വന്നപ്പോള്‍ കൈമോശം വന്നതാവാം. പിന്നെ നീളം കുറയ്ക്കാനും വേഗത നിലനിര്‍ത്താനും ഉള്ള എഡിറ്റിംഗ് പറ്റിച്ചതാവാനും മതി. അടുത്തതില്‍ ഞാന്‍ ഇതൊക്കെ ഒന്നു കൂടെ ശ്രദ്ധിച്ചു ചെയാം ഓക്കേ...

    ReplyDelete
  11. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ വളരെ നന്നാകുമായിരുന്ന ഒരു കഥ.നല്ല നിരീക്ഷണങ്ങളും തരക്കേടില്ലാത്ത ഭാഷയും ഉണ്ട്. അക്ഷരപ്പിശകുകൾ ഒഴിവാക്കുമല്ലോ.

    ഇനിയും എഴുതു. ആശംസകൾ.

    ReplyDelete
  12. sambhavam enthokkeyo manasilaayi...pakshe vaalum thalayum ellathathu pole..ithu sangalpikam thanne aano ennum oru doubt..

    ReplyDelete
  13. കൊള്ളാം
    നല്ല കഥ
    വളരെ നന്നായി വിവരിച്ചു

    ReplyDelete
  14. നല്ല കഥ.. ലളിതമായ അവതരണം...

    ReplyDelete
  15. കഥ പറയുന്നതില്‍ എവിടെയൊക്കെയോ പാളി ,നല്ല ഭാഷ കൈവശമുണ്ട് ,ഏകാഗ്രത കൈവിടാതെ എഴുതുക ,,വിജയിക്കും ..

    ReplyDelete
  16. ഒരു സംഭവ കഥ പോലെ അവതരിപ്പിച്ചു. ഒന്നുകൂടി ഒതുക്കി ചെയ്യാമായിരുന്നു എന്നെനിക്ക് വായനയില്‍ തോന്നി.
    ബൂത്തും പരിസരവും ഒക്കെ മനസ്സില്‍ തെളിഞ്ഞു.

    ReplyDelete
  17. പുതുവത്സരാശംസകള്‍!

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails