പ്രസവാവധി

നിങ്ങടെ കൂടെ നിന്നാലേ എനിക്ക് റസ്റ്റ്‌ എന്ന് പറയുന്നത് , ആലോചിക്കാനേ പറ്റില്ല. ഞാൻ പിള്ളേരേം കൂട്ടി വീട്ടിൽ പോകാ. അവിടാകുമ്പോ റെസ്റ്റ് കിട്ടും. ഒരു മൂന്നാലു മാസം കഴിഞ്ഞേ ഇനി നിങ്ങടെ അടുത്തേക്കുള്ളൂ...
പതിവ് പോലെ പാതിരാ കഴിഞ്ഞ നേരത്ത് കിടക്കയിലേക്ക് ചാഞ്ഞപ്പോൾ അവളുടെ പരാതി... പാതിയല്ല മുക്കാലും ഉറക്കത്തിലായതിന്റെ പേരിൽ കേട്ടത് ശരിയാണോ എന്നറിയാൻ എന്താ വഴീന്നായി ഞാൻ... പയ്യെ കണ്ണു ഒന്ന് തിരുമ്മി, അവളുടെ നേരെ തിരിഞ്ഞു കിടന്നോണ്ടു വളരെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു - അപ്പോ എന്നീന്നു നീങ്ങി നിന്നാലേ നിനക്ക് പറ്റൂ????
സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കേസാ. ഞാൻ വളരെ ദുഖിക്കുന്നു എന്ന് കണ്ടാൽ അവൾ സെന്റിയടിച്ച് പോകാതെ ഇരിക്കും. ഞാൻ സന്തോഷിക്കുന്നു എന്ന് കണ്ടാൽ ഞാൻ സന്തോഷിക്കാതിരിക്കാൻ വേണ്ടി മാത്രവും പോകാതെയിരിക്കും! നോക്കീം കണ്ടും കരുക്കൾ നീക്കിയാൽ കുറച്ചു നാൾ ഇവിടെ ഒറ്റക്ക് അടിച്ചു പൊളിക്കാം.....
അവളും എന്റെ നേർക്ക്‌ തിരിഞ്ഞു കുറച്ചു കൂടെ അടുത്ത് നീങ്ങിക്കിടന്നു. ഇടയിൽ രണ്ടാമത്തെ കണ്മണി കണ്ണടച്ച്, എന്നാൽ ഒരു കള്ളച്ചിരിയോടെ ഇനി എന്താ പൂരം കാണാന്ന് നോക്കി കിടക്കുന്നു.... ഒരു മിനിറ്റ് അങ്ങിനെ കിടന്നു പിന്നെ കൈ കുത്തി തലയ്ക്കു താങ്ങ് കൊടുത്തു അവൾ മിണ്ടി തുടങ്ങി. തുടങ്ങീതു എപ്പോഴാണെന്ന് ഞാൻ വിട്ടു പോയി, അപ്പോഴേക്കും ഞാൻ പിന്നേം ഉറങ്ങീരുന്നു ! പക്ഷേ സാരാംശം ഇതാണ് - രണ്ടു പേരെ ഞാൻ ഓഫീസിൽ പോയാൽ നോക്കാൻ പാടാണ്, നാട്ടിൽ ആണെങ്കിൽ ചേച്ചിയും ഉണ്ടാകും, അവരുടെ മോൻ മൂത്തവൾക്കു കൂട്ടാവും എന്ന്. ഉറക്കം കളയാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് ഇതൊക്കെ നീ മനസ്സീന്നു കള. നാളെയും ഇതേ ചിന്ത ആണേൽ ആലോചിക്കാം എന്നും പറഞ്ഞു നീട്ടി വലിഞ്ഞു ഒരു ഉമ്മയും കൊടുത്തു ഞാൻ തിരിഞ്ഞു കിടന്നു. അല്ല നമുക്ക് എന്ന് അവൾ പിന്നേം മിണ്ടാൻ വന്നേനെ ശൂ ഗുഡ് നൈറ്റ്‌ എന്ന് ഞാൻ ഊതി കെടുത്തി....

രാവിലേയും അഭിപ്രായം അത് തന്നെ. വളരെ കൂടാതെയും എന്നാൽ ഒട്ടും കുറയാതെയും ദുഃഖം മുഖത്ത് വരുത്തി ഞാൻ ഓഫീസിലേക്ക് പോയി. മാനേജരോട് പത്തു നാൾ ലീവ് പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ നാട്ടിലേക്ക് പോകാൻ വണ്ടിയുടെ എയറും പെട്രോളും എല്ലാം ശരിയാക്കി. അപ്പോഴാണ്‌ അടുത്ത കുരിശു, നാൾ ശരിയല്ല! അത് കൊണ്ട് രണ്ടു ദിവസം കൂടെ കഴിഞ്ഞേ പോകാൻ പറ്റൂ! ആയിക്കോട്ടെ. മാനേജരെ വിളിച്ചു ലീവ് നീട്ടിച്ചു...

ഒരു വിധം നാട്ടിലെത്തി. തക്കുടു ആകെ ഉഷാറായി. അണ്ണന്റെ കളർ പെൻസിൽ എടുത്തു അവളുടെ വീട്ടിൽ വരയ്ക്കുന്ന പോലെ അവിടേയും കല. ഞാൻ തടുത്തപ്പോൾ വല്യച്ചൻ കുട്ടിയല്ലേ തടയേണ്ട എന്ന്.... അവൾ ഹാപ്പി. വൈകീട്ട് വല്യച്ചൻ വന്നപ്പോൾ ചുമർ തീർന്നത് കൊണ്ട് വെള്ള മാർബിളിൽ മെഴുകു പെൻസിലിലും കല... ആൾ ഞെട്ടി എന്നെ നോക്കി. ഞാൻ അവളെ തടയാൻ പാടില്ലായിരുന്നല്ലല്ലോ.... ആൾ തല എന്തിനോ കുടഞ്ഞു അകത്തു പോയി. ഒരു നിശബ്ദമായ അലർച്ച കേട്ട് ഞാൻ നോക്കിയപ്പോൾ വല്യമ്മയുടെ പൊട്ടുകൾ കൊണ്ട് കണ്ണാടിയും പുള്ളിയുടെ ലാപ്ടോപും അലങ്കരിച്ചു വച്ചിരിക്കുന്നു! മേശയും കിടക്കയും എല്ലാം പൌഡർ കൊണ്ട് മെഴുകിയിരിക്കുന്നുമുണ്ട്. ഇതിവൾ എപ്പോൾ ഒപ്പിച്ചാവോ....

ഞാൻ പതിയെ വരാന്തയിലേക്ക്‌ വലിഞ്ഞു. അവിടെ ദേ ഗാർഡനിൽ അവൾ പൈപ്പ് എടുത്തു കൊണ്ട് ഓടുന്നു, വല്യമ്മ അവളുടെ പിന്നാലെ. വരാന്ത മുഴുവൻ ചെളിയിൽ അവളുടെ കാൽമുദ്ര.

ഒരു വിധത്തിൽ ഞാൻ 8 മണിയാക്കി എടുത്തു ബംഗ്ലൂരിലേക്ക് ബസ് കേറി. എത്ര നാൾ അവളെ അവർ അവിടെ സഹിക്കും എന്നറിയില്ല. അത് വരെ ഞാൻ ഇവിടെ പാട്ടും എനിക്കിഷ്ടമുള്ള സിനിമകളും കുറച്ചു വീഞ്ഞും ഒക്കെയായി....

സഫരോം കാ സിന്ദഗി...
നടക്കുന്നോളം നടക്കട്ടെ ഇങ്ങനെ...
Related Posts with Thumbnails