ഈ ബ്ളോഗിന്റെ കഥ..

ഒരു ആത്മകഥ എഴുതാനുള്ള അനുഭവം ആയിട്ടില്ലെങ്കിലും ഈ ബ്ളോഗ് രണ്ടു കൊല്ലം മുന്നേ തുടങ്ങിയിയതിന്റെ കാരണം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്! അല്ലെങ്കിലും കൊടകര പുരാണവും, ബ്രിജ് വിഹാരവും വായിക്കുന്ന ആര്‍ക്കും ഒന്ന് ബ്ലോഗിക്കാന്‍ തോന്നല്‍ വന്നാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ. പിന്നീട് ടൈപ്പ് ചെയ്യാന്‍ ഇരിക്കുമ്പോഴാണ് ഇത് നമ്മുക്ക് പറ്റിയ പരിപാടി അല്ലെന്നു മനസ്സിലാകുക.

എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് ഒരു അന്തോം കുന്തോം ഇല്ലാതെ ഇരുന്ന നേരത്താണ് എന്‍റെ അളിയന്റെ ഫോണ്‍ വന്നത്. അളിയന്‍, അളിയന്‍ ആയിട്ട് അധികകാലം ആയിരുന്നില്ലെങ്കിലും ഒരു പോസ്റ്റിനുള്ള വകുപ്പ് കൈയ്യിലുള്ള ആളാണെന്നു അപ്പൊ എനിക്ക് കത്തി. അങ്ങിനെ തട്ടി കൂട്ടിയത്ആണ്  എന്‍റെ ആദ്യത്തെ പോസ്റ്റ്‌. പാവം അളിയന്‍, സ്വന്തം നെഞ്ചത്ത്‌ ഞാന്‍ ഓട്ടന്‍ തുള്ളല്‍ നടത്തിയത് ക്ഷമിച്ചു എന്ന് മാത്രമല്ല ആദ്യത്തെ കമന്റ്‌ ഇട്ടു എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  എന്തോ ആ പോസ്റ്റ്‌  കുറച്ചു പേര്‍ക്ക് ഇഷ്ടമായി. എന്‍റെ അഹങ്കാരത്തിന് കൊമ്പും ചിറകും മുളച്ചു. പിന്നെ ആരെ കണ്ടാലും ഇവനെ എങ്ങിനെ പോസ്ടിലാക്കാം എന്ന ചിന്ത മാത്രമായി.


പിന്നീടുള്ള എന്‍റെ പോസ്റ്റുകള്‍ക്ക്‌ ഞാന്‍ എന്‍റെ കൂട്ടുകാരെ വളമാക്കി. അങ്ങിനെ കുഞ്ഞിരാമനും ഗോവിന്ദനും ഒക്കെ ഇവിടെ വിരുന്നു വന്നു.  അവരെ കുറിച്ച് എഴുതിയത് അവര്‍ക്ക് തന്നെ അയച്ചു കൊടുത്തു. 'എന്നാലും നീ എന്നോടിത് ചെയ്തു അല്ലെ' എന്ന് ചോദിച്ചു എങ്കിലും ആരും എന്നെ കൈ വച്ചില്ല. അതിന്റെ ഒരു ധൈര്യത്തില്‍ ഞാന്‍ ഇന്നും പോസ്റ്റുന്നു...

മാധവിക്കുട്ടി  'എന്‍റെ കഥ' എന്ന കുറിപ്പില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു - ഹിന്ദുമതത്തില്‍ പൂര്‍ണ വിശ്വാസമുള്ള ഒരാള്‍ക്ക്‌ അനാഥത്വം വന്നു പെടുകയില്ല, കാരണം അയാള്‍ എന്നും ഒരു കൂട്ടു കുടുംബത്തിലാണ് ജീവിക്കുന്നത്. ശിവന്‍, പാര്‍വതി, ഗണപതി, സുബ്രമണ്യന്‍, കൃഷ്ണന്‍, ഭഗവതി, ബ്രഹ്മാവ്, സരസ്വതി... അങ്ങിനെ നീണ്ടു നീണ്ടു  പോകുന്ന ആ പട്ടികയില്‍ നിന്നും അയാള്‍ക്ക്‌ ജ്യേഷ്ഠന്‍മാരെയും അമ്മാവന്മാരേയും അമ്മമാരെയും  ജ്യേഷ്ടതിമാരെയും ദത്തെടുക്കാം.  അതേ പോലെ ഒരു കൂട്ടുകുടുംബമാണ് ബ്ളോഗ് ലോകവും ( ബൂലോകം ). കൂട്ടു കൂടാനും, ശാസിക്കാനും, നേര്‍ വഴി നടത്താനും ഇവിടെ ആളുണ്ട്. എനിക്ക് അങ്ങിനെ അനുഭവം ഉണ്ടായിട്ടുണ്ട്, എല്ലാവര്ക്കും ഉണ്ടാവുകയും ചെയ്യും.

വലിയ വലിയ എഴുത്തുകാര്‍ പറയുന്നത് പോലെ സമയം ഇല്ലാത്തത് കൊണ്ടല്ല  ഞാന്‍ തുടരെ തുടരെ പോസ്റ്റ്‌ ഇടാത്തത്. ഇടാനുള്ള വകുപ്പ് ഒന്നും എന്‍റെ തലയില്‍ തെളിയുന്നില്ല. ഇത്തിരി എളുപ്പം ഉള്ള പരിപാടി ആണെന്ന് തോന്നി ഞാന്‍ ഇഷ്ടമുള്ള പാട്ടുകളേയും, സിനിമകളെയും, പുസ്തകങ്ങളെയും പറ്റി ഓരോ ബ്ളോഗ് ഉണ്ടാക്കി. അതില്‍ എഴുതാന്‍ ഇപ്പൊ കൂട്ടുകാരെയും കിട്ടി...


ഇനിയും ഞാന്‍ പോസ്റ്റുകള്‍ എങ്ങിനെയെങ്കിലും ഉണ്ടാക്കി ഇടും. നിലവാരം... അതിനെ കുറിച്ച് പറയരുത്. നിങ്ങള്‍ എങ്ങിനെയെങ്കിലും ഒക്കെ എന്നെ ഒന്ന് പ്രോത്സാഹിപ്പിക്കണം, പ്ളീസ്.... അപ്പൊ ഇനിയും കാണാം...


3 comments:

  1. തീര്‍ച്ചയായിട്ടും, ഓരോന്നായി സാവധാനം വായിക്കട്ടെ, ഏണിറ്റാവാം അഭിപ്രായങ്ങള്‍.

    ReplyDelete
  2. ninakke vere pani onnum illeda..marappatteeeee...!!

    ReplyDelete
  3. എനിക്ക് പണിയൊന്നും ഇല്ലാത്ത സമയത്ത് തട്ടിക്കൂട്ടിയത് വായിക്കാനും, അതിന്റെ പിന്നിലെ കഥ അറിയാനും നിങ്ങള്‍ വന്നതില്‍ സന്തോഷമുണ്ട് അനോണീ. എന്തായാലും സ്വന്തം അച്ഛന്റെ മാത്രമല്ല സ്വന്തം പേരും അറിയാത്തവരുടെ അഭിപ്രായം എനിക്ക് വേണ്ട. ഇനി സനോനികള്‍ പറയുന്നത് മാത്രമേ ഞാന്‍ കേള്‍ക്കാനുള്ളൂ.

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails