അങ്ങനെ ഞങ്ങളുടെ ശുദ്ധനും പെണ്ണ് കിട്ടി..


'ഡാ വിടെടാ, ഇന്നത്തെ ബില്‍ ഞാന്‍ കൊടുക്കും...'
പച്ചപ്പ്‌ ബാറില്‍ കള്ള് കുടിക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ശുദ്ധന്‍ അന്ന് നല്ല ഫോമിലേക്ക് ഉയര്‍ത്തപ്പെട്ടു. അതിന്റെ ഒരു 'ബഹിര്‍സ്ഫുരണം' ആയെ അവന്റെ ബില്ലിനോടുള്ള പിടിവലിയെ കണ്ടുള്ളൂ. പക്ഷെ പുള്ളി സീരിയസ് ആണ്.
'ഇന്നത്തെ ബില്‍ ഞാന്‍ കൊടുക്കും. എന്‍റെ കല്യാണം ആലോചിച്ചു തുടങ്ങി. ഇനി ഇങ്ങിനെ അലംബിനൊന്നും ഞാന്‍ ഇല്ല. അത് കൊണ്ട് ഇത് എനിക്ക് തന്നെ കൊടുക്കണം'.
ഇന്നലെ വരെ കള്ളില്‍ മുങ്ങി നടന്നവന്‍ വരെ വിവാഹത്തോടെ ഡീസന്റ് ആകുന്നതും, പിന്നെ ഭാര്യയെ പ്രസവത്തിനു കൊണ്ട് പോകുന്നതോടെ പഴയ ഉശിര് വീണ്ടെടുക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് ക്ഷമ പറഞ്ഞു വരുന്നതും ഒത്തിരി കണ്ടിട്ടുള്ളത. അതിലേക്കു ഇതാ ഇപ്പൊ ശുദ്ധനും കൂടി ആയി...
ബില്ലും ഗോവിന്ദന്‍ ചേട്ടന് ഭാരിച്ച ഒരു ടിപും കൊടുത്തു ഞങ്ങള്‍ ഇറങ്ങി. നാളെ മുതല്‍ എങ്ങിനെയൊക്കെ ഡീസന്റ് ആകാന്‍ പോകുന്നു എന്ന അവന്റെ പ്ലാന്‍ ഞങ്ങളാരും കേട്ടില്ല. കേള്‍ക്കാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ല.




ഒന്ന് രണ്ടു ആഴ്ച കടന്നു പോയി. ആലോചന തുടങ്ങി എന്നല്ലാതെ വേറെ അപ്ഡേറ്റ് ഒന്നും ഇല്ല. അപ്പോഴാ അവന്‍ പറഞ്ഞത് അവന്റെ ശുദ്ധജാതകം ആണ്. ഒപ്പം വേറെ എന്തൊക്കെയോ കൊമ്പ്ലിക്കഷന്‍സ് കാരണം ആകെ നാലഞ്ചു നാളുകള്‍ മാത്രമേ ചേര്‍ക്കാന്‍ പറ്റു എന്ന്.

അന്ന് വൈകുന്നേരം ഒരു ജാതകം ഒത്തു വന്നിട്ടുണ്ട് എന്നും പറഞ്ഞു നാട്ടിലേക്ക് വണ്ടി കേറി അവന്‍. പെണ്ണ് കാണാന്‍ ഇങ്ങനെ ലീവ് എടുത്താല്‍ ഇനി കല്യാണം ആയാല്‍ എന്താകും ഈശ്വര...

രണ്ടു ദിവസം കഴിഞ്ഞു നിരാശനായി തിരിച്ചു വന്നു. അവന്റെ പണിക്കര്‍ എങ്ങിനെയൊക്കെയോ ചേര്‍ത്ത ജാതകം ആയിരുന്നു അത്. അവനും അമ്മയും അതും കൊണ്ട് 'ദേവി' അമ്മയെ കാണാന്‍ പോയി. കെട്ടിപിടിച്ചും തലയില്‍ കൈ വച്ചും ഒക്കെ അനുഗ്രഹിച്ചു അവര്‍.
'എന്താ ശുദ്ധാ, ആള് ഹാപ്പി ആണല്ലോ...'
'അതെ അമ്മെ, എനിക്ക് കല്യാണം... ഒരു ജാതകം ഒത്തു വന്നിട്ടുണ്ട്...'
അവരുടെ 70mm ചിരി ഒരു നിമിഷത്തേക്ക് മാഞ്ഞോ...
'ശുദ്ധാ, ഇതിനെ തന്നെ വേണോ നിനക്ക്...' ജാതകങ്ങള്‍ തമ്മില്‍ അടുത്ത് വച്ചു അവര്‍ ചോദിച്ചു...
'അത് പിന്നെ...'

അത് വേണ്ട എന്ന് അവനും അമ്മയും കൂടെ തീരുമാനിച്ചു. ദേവിയുടെ ശിഷ്യഗണത്തിലേക്ക് അവനെ എടുക്കാന്‍ അവര്‍ക്ക് പണ്ടേ പ്ലാന്‍ ഉള്ളതായി എനിക്ക് തോന്നിയിരുന്നു. ഇപ്പൊ ഉറപ്പിച്ചു.
അതിന്റെ വിഷമം മാറ്റാന്‍ പിന്നെയും പച്ചപ്പിലേക്ക് പോയി...
അവനെ കണ്ടതും പണ്ടത്തെ ഗോവിന്ദന്‍ ചേട്ടന്‍ ' അല്ല പിന്നെ പെണ്ണ് പിണങ്ങി പോയോ, ഇനി ഇങ്ങോട്ട് ഇല്ല എന്ന് പറഞ്ഞിട്ട്..'
അതിനു ശുദ്ധന്റെ മറുപടി ഇവിടെ ഇടാന്‍ പറ്റില്ല...

ഏതായാലും ആ വീകെണ്ടില്‍ അവന്‍ നാട്ടില്‍ പോയി. ഒരു മൂത്ത പണിക്കരുടെ അടുത്ത് പോയി. ഏതോ സ്ത്രീശാപം ഉണ്ട് അവനു എന്ന് കണ്ടെത്തി.
അവന്റെ അമ്മ നെഞ്ചില്‍ കൈ വച്ചു... എന്താ ഞാന്‍ ഈ കേള്‍ക്കുന്നേ എന്ന ഭാവത്തില്‍ അവനെ നോക്കി...
'പണിക്കരെ, അങ്ങിനെ ഒന്നും ഞാന്‍ ചെയ്തിട്ടില്ല!....'
'അത് പിന്നെ, ശാപം എന്ന് പറഞ്ഞാല്‍ ആരെയെങ്കിലും ചതിക്കല്‍, ആശ കൊടുക്കല്‍, വേദനിപ്പിക്കല്‍ അങ്ങിനെ ആവാനും മതി...'
ശുദ്ധന്‍ പാവം, കയ്യിലെ വിരല്‍ തികയാതെ, കാല്‍ വിരലുകള്‍ മടക്കി അങ്ങിനെയുള്ളവരുടെ എണ്ണം എടുത്തു തുടങ്ങിയതും അമ്മ പണിക്കരുടെ ഫീസ്‌ കൊടുത്തു അവനേം കൊണ്ട് അവിടന്ന് സ്കൂട്ട് ആയി.

അപ്പോഴാണ് മാട്രിമോണി സൈറ്റ് എന്ന സൂത്രം പ്രയോഗിക്കുന്നത്. അങ്ങിനെ ഒരു ജാതകം കിട്ടി ചേരുന്നത്... പെണ്ണ് ഒരു ചൈനീസ് സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍. പണ്ടേ ഒരു കമ്മ്യൂണിസ്റ്റ്‌ ചായ്വ് ഉണ്ടായിരുന്ന ശുദ്ധന്‍ ഹാപ്പി ആയി. പെണ്ണ് കാണാന്‍ പോയി. നല്ല ഗ്രാമ പ്രദേശം, പാടം, കുളം എല്ലാം അവനു പിടിച്ചു. കല്യാണത്തിന് ശേഷം അമ്മായി അപ്പനോട് പറഞ്ഞു കുളത്തില്‍ ചൂട് വെള്ളം നിറക്കുന്നത് വരെ എത്തി അവന്റെ പ്ലാന്‍...

കാര്‍ന്നോന്മാര്‍ സംസാരിച്ചു. ഇനി അവര്‍ക്ക് വല്ലതും പറയാന്‍ ഉള്ള ടൈം ആയി...
'നമുക്ക് പുറത്തു പോയി ആ പാടത്തിന്റെ തീരത്ത് നിന്ന് സംസാരിക്കാം അല്ലെ...'
പെണ്ണ് ഇത്രക്കും പറഞ്ഞപ്പോഴേക്കും അവന്‍ പാടത്തെത്തി....
'നല്ല സുഖമുള്ള വൈകുന്നേരം അല്ലെടോ..'
'എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ദേ ഇവിടം തന്നെ.. പക്ഷെ എന്ത് ചെയ്യാം.. കൊല്ലത്തില്‍ ആറു മാസം എനിക്ക് ഇത് മിസ്സ്‌ ആവുമല്ലോ..'
'ആറു മാസം അല്ല ഇനി ഇതൊക്കെ വല്ലപ്പോഴുമേ ഉണ്ടാകൂ... നമ്മള്‍ ഒരുമിച്ചു ബാംഗ്ലൂരില്‍ അടിച്ചു പോളിക്കില്ലേ...'
'അയ്യോ അത് പറ്റില്ല... ആറു മാസം എനിക്ക് ചൈനയില്‍ പോകണം...'
'അങ്ങിനെയെങ്കില്‍ നമുക്ക് വേറെ ജോലി നോക്കാം'
'അത് പറ്റില്ല, എനിക്ക് മാറാന്‍ പറ്റില്ല...'

അവിടെ തീര്‍ന്നു ആ പെണ്ണ് കാണല്‍... പാവം അതോടു കൂടി ചൈനയോടും അവിടെ ഉണ്ടാക്കിയ ഐടെമ്സും വെറുത്തു പോയി...

പണിക്കരുടെ കൂടെ ചേര്‍ച്ച നോക്കാന്‍ പോയി അവന്‍ ഇപ്പൊ ഒരു കൊച്ചു പണിക്കര്‍ ആയി. ആ 'ശ' ശരിയല്ല, ഈ 'കു' ഇവിടെ വരാന്‍ പാടില്ല. ഒരു ദിവസം അങ്ങിനെയൊക്കെ ഒത്ത ഒരു ജാതകം കിട്ടി. പാലക്കാട്. അവന്‍ പുറപ്പെട്ടു. നല്ല നാടന്‍ പെണ്ണ്. എന്ജിനീയറിംഗ് കഴിഞ്ഞിട്ടേ ഉള്ളു. അപ്പൊ ചൈനയുടെ പ്രോബ്ലം ഇല്ല. പെണ്ണ് കാണലില്‍ അവള്‍ ആകെ ഒരു കണ്ടിഷനെ വച്ചുള്ളൂ, അവളെ MBA പഠിക്കാന്‍ വിടണം. അതൊരു പ്രോബ്ലം അല്ലല്ലോ...
പിറ്റേന്ന് അവന്റെ അമ്മക്ക് ഒരു കാള്‍...
'അമ്മെ, ഞാന്‍ ...' ഒരു പേര് പറഞ്ഞു.
'ആ നീ ശുദ്ധന്റെ കൂടെ താമസിക്കുന്നവന്‍ അല്ലെ... എന്താ മോനെ, നാട്ടില്‍ വന്നോ...'
'അല്ല ഞാന്‍ അയാളല്ല... ഞാന്‍ പാലക്കാടു നിന്ന വിളിക്കുന്നെ...'
'....'
' അത് പിന്നെ, ഞാനും ലവളും ഇഷ്ടത്തിലാണ്... MBA കഴിഞ്ഞിട്ട് കല്യാണം അവതരിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു...'

പാവം ശുദ്ധന്‍... ആകെ തകര്‍ന്നു.. രണ്ടു മിനുടിനു ഉള്ളില്‍ പെണ്ണിന്റെ അച്ഛന്റെ ഫോണ്‍ വന്നു.. ജാതകത്തില്‍ ഒരു പിശക് ഉണ്ട് എന്ന് പറയാന്‍... ശുദ്ധന്‍ ഒന്നും പറഞ്ഞില്ല...

അവന്‍ പറയാറുള്ളത് ഞങ്ങളുടെ കൂടെ പച്ചപ്പില്‍ വച്ചു പറഞ്ഞു... ഗോവിന്ദന്‍ ചേട്ടന്‍ ഇപ്പൊ ഞങ്ങളോട് ഒന്നും ചോദിക്കാറില്ല... ഓര്‍ഡര്‍ എടുത്തു കൊണ്ട് പോകും, ചിരിക്കുക കൂടെ ചെയ്യാതെ എല്ലാം വച്ചിട്ട് പോകും...

അങ്ങിനെ ഒരു മൂന്നു കൊല്ലത്തോളം നീണ്ട അന്വേഷണം ആണ് ഇപ്പൊ തീരുമാനത്തില്‍ എത്തിയത്... കിട്ടിയതോ ഒരേ പഞ്ചായത്തിലെ പെണ്ണ്! പക്ഷെ കുടുംബം ഇപ്പോള്‍ നോര്‍ത്തില്‍ എവിടെയോ ആണ്. നാട്ടില്‍ അപ്പൂപ്പന്‍ മാത്രമേ ഉള്ളു. ഇനിയിപ്പോ പെണ്ണ് ഇടയ്ക്കു അച്ഛനെയും അമ്മയെയും കാണാന്‍ പോകണം എന്ന് പറയില്ലല്ലോ... ഒരു മൂന്നു ദിവസം ഒക്കെ ഇരുന്നു ട്രെയിനില്‍... ഇനി അവള്‍ പറക്കാന്‍ തീരുമാനിച്ചാലോ... എങ്കില്‍ വിജയ്‌ മല്ല്യക്ക്‌ ശമ്പളം എഴുതി കൊടുക്കേണ്ടി വരും... അത് പിന്നെ മുന്‍പും അങ്ങിനെയല്ലേ എന്ന് ചോദിക്കരുത്... ഇത് പതയുന്ന കിംഗ്‌ ഫിഷര്‍ അല്ല പറക്കുന്ന കിംഗ്‌ ഫിഷറിനു ആണ് എഴുതി കൊടുക്കുന്നെ ;)

ഞങ്ങളുടെ പ്രിയ കൂട്ടുകാരാ, ഭാവുകങ്ങള്‍... ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങള്ക്ക് വിരുന്നു വരട്ടെ എന്ന് ആശംസിക്കുന്നു...

26 comments:

  1. അതെ പുറമേ നാമെല്ലാം ഹൈടെക് ആണ്. ഉള്ളിൽ തികഞ്ഞ അന്ധവിശ്വാസി. അല്ല അന്ധവിശ്വാസം എന്ന് ഒന്നില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാവുമ്പോൾ.

    ഈശ്വരൻ എന്ന അസ്തിത്വത്തെ വല്ലാതെ തെറ്റിദ്ധരിച്ച ഒരു ജനത നാമല്ലാതെ വേറെ കാണില്ല. ദൈവം മനുഷ്യന്റെ രൂപത്തിലാണെന്നത് തന്നെ ഒന്നാമത്തെ തെറ്റിദ്ധാരണ.

    പിന്നെ പ്രപഞ്ചം മനുഷ്യർക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്നുള്ളത് രണ്ടാമത്തേത്.

    നിങ്ങൾക്ക് ഒരു കടുത്ത സ്വപനമുണ്ടെങ്കിൽ , നിങ്ങൾ അതു നടത്താനായി ഇറങ്ങിത്തിരിച്ചാൽ അതിന്റെ പൂർത്തീകരണത്തിനായി പ്രപഞ്ചം നിങ്ങളൊടൊപ്പം എത്തും എന്നു പറഞ്ഞ പൌലോ കൊയ്‌ലോയുടെ വചനം വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചൊവ്വാദോഷം എന്ന അസംബന്ധം പറഞ്ഞ് എത്ര പെൺ‌കുട്ടികളുടെ ജീവിതം ഥകർത്തിരിക്കുന്നു. അല്ല ഈശ്വരൻ ഇന്ത്യക്കാരനാണോ സത്യത്തിൽ. മറ്റുരാജ്യക്കാർക്കും മതക്കാർക്കും ഒന്നും ഈ പറഞ്ഞ ദോഷങ്ങൾ ഒന്നുമില്ലേ? അതോ ഓരോ ഈശ്വരനും ഓരോ നിയമമോ? അപ്പോൾ പ്രപഞ്ചത്തിന്റെ നിയമം എന്ന് ഒന്നില്ലേ.
    അല്ല ഒരു പുനർചിന്തയ്ക്ക് ഈ പോസ്റ്റ് വഴിവയ്ക്കട്ടെ.

    സത്യം അത്യന്തം ലളിതമാണ് അത് ഒറ്റവാക്കിൽ പറയാം എന്ന വാക്യം എത്ര സത്യമാണ്.

    പ്രപഞ്ചത്തെ ഭയക്കുന്ന മനുഷ്യൻ എങ്ങനെ ജീവിതം ആസ്വദിക്കും എന്ന ചോദ്യം വീണ്ടും വീണ്ടും ചോദിക്കാൻ തോന്നുന്നു.

    നർമ്മത്തിലൂടെ സത്യം പറഞ്ഞു കേട്ടോ.

    ReplyDelete
  2. മനോഹര അവതരണം...നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  3. ശ്ശെ! ആ ചൈനയിൽ പോകുന്ന പെണ്ണിന്‌ എന്തായിരുന്നു പ്രോബ്ലം? 6 മാസം ചൈനയിൽ പോകണം എന്നതോ? ഓരോരുത്തര്‌ ഓൺസൈറ്റ്‌ എന്നു പറഞ്ഞ്‌ നടക്കുമ്പൊ അതൊന്നും വേണ്ട എന്നു പറയുന്ന ഒരുത്തനോ? അതും ബാംഗ്ലൂർകാരൻ?
    എൻ ബി സുരേഷിനോട്‌ യോജിക്കുന്നു. ദോഷം അവനവന്റെ മനസ്സിലാ. "മണിച്ചിത്രത്താഴ്‌"ൽ മോഹൻലാൽ "കൃസ്ത്യാനികൾക്ക്‌ ചൊവ്വാദോഷം ഇല്ല!" എന്ന് പറയുന്ന പോലെ സത്യത്തിൽ ആർക്കും ചൊവ്വാദോഷം ഇല്ല!

    ReplyDelete
  4. ആശംസകള്‍..........

    ReplyDelete
  5. നല്ല എഴുത്തായിരുന്നു കേട്ടോ...പെണ്ണന്വേഷണം ഒരിത്തിരി പണി തന്നെയാ അല്ലെ..?
    ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങളുടെ കൂട്ടുകാരന് വിരുന്നു വരട്ടെ എന്ന് ഞാനും ആശംസിക്കുന്നു...

    ReplyDelete
  6. കൊള്ളാം പെണ്ണ് കാണല്‍

    ReplyDelete
  7. നല്ല വിഷയം....എഴുത്തും കൊള്ളാം. ഒന്ന് കൂടെ കൊഴുപ്പിക്കാംആയിരുന്നു എന്ന് തോന്നി .....സസ്നേഹം

    ReplyDelete
  8. നര്‍മ്മത്തിലൂടെ പറഞ്ഞ സത്യങ്ങള്‍ ഭംഗിയായി ബിജിത്‌.
    ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നു.
    ഭാവുകങ്ങള്‍.

    ReplyDelete
  9. ശുദ്ധന് എന്റെയും വക ആശംസകൾ!

    ReplyDelete
  10. നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  11. റിപ്പോര്ട്ടഡ് സ്പീച് നന്നായി.
    :-)

    ReplyDelete
  12. കൊള്ളാം,

    പെണ്ണു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പെണ്ണു കിട്ടാനായി നടന്നു തേഞ്ഞ വഴികളിലെ നര്‍മ്മങ്ങള്‍ ഒത്തിരി കാണാം. :)

    ReplyDelete
  13. സുരേഷ് - വിശ്വാസം, അതല്ലേ എല്ലാം...
    ജുനൈദ് - നന്ദി
    ചിതല്‍ - കൂടെ ഇല്ലെങ്കില്‍ പിന്നെ എന്ത് ആഘോഷം..
    ഉമേഷ്‌ - നന്ദി
    നിരാശ കാമുകന്‍ - പെണ്ണ് നിങ്ങള്ക്ക് ഇത്തിരി പണി തന്നെയാ എന്ന് നിങ്ങളുടെ ബ്ലോഗ്‌ വായിച്ചപ്പോള്‍ തോന്നി... നന്ദിയുണ്ട് വന്നതിനു
    MyDreams - നന്ദി
    യാത്രികന്‍ - ഇത്രക്കും കൊഴുപ്പിച്ചതിനു അവന്‍ എങ്ങിനെയ റിയാക്റ്റ്‌ ചെയ്യുക എന്നാ എന്‍റെ ചിന്ത !
    റാംജി - ഇത് വെറും തമാശ ആയി എടുത്താല്‍ മതി
    ജയന്‍, അഭി, ജിഷാദ്, ഉപാസന - നന്ദി
    പഥികന്‍ - അതെ, മറ്റുള്ളവരുടെ വഴികളിലെ നര്‍മം മാത്രമേ കാണാന്‍ രസമുണ്ടാകുകയുള്ളൂ എന്ന് മാത്രം ;)

    ഇവിടം വരെ വന്നതിനും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി...

    ReplyDelete
  14. da bijith shudhan enna kadapathram kollam pine jadakkam athu serikum oru sambhavam thane annu.

    ReplyDelete
  15. പണിക്കരുടെ കൂടെ ചേര്‍ച്ച നോക്കാന്‍ പോയി അവന്‍ ഇപ്പൊ ഒരു കൊച്ചു പണിക്കര്‍ ആയി.
    :)
    Cool one
    Nalla ezhuthu Bijith..

    ReplyDelete
  16. സജീഷേ, അപ്പൊ ജാതകം നിന്നെയും കറക്കി അല്ലെ... ;)
    മനുജീ, നന്ദി... നിങ്ങളെ പോലെ അവനു ആത്മഹത്യ ഭീഷണി പ്രയോഗിക്കേണ്ടി വന്നില്ല പെണ്ണിനെ കൊണ്ട് സമ്മതം പറയിപ്പിക്കാന്‍... ;)

    ReplyDelete
  17. മനുച്ചേട്ടന്‍ പറഞ്ഞ വരിയാണ്‌ പഞ്ച് :)

    ReplyDelete
  18. ഇഷ്ടായ്‌ ഈ പെണ്ണ് കാണല്‍ ആശംസകള്‍

    ReplyDelete
  19. അപ്പോള്‍ ശുദ്ധന്‍ ഇപ്പോള്‍ വിശുദ്ധന്‍ ആയോ ബിജിത്തെ,
    ഗോവിന്ദന്‍ ചേട്ടന്റെ ടിപ് കുറയുമല്ലോ ....
    ലോകത്തിലെ എല്ലാ സന്തോഷങ്ങളും അവര്‍ക്ക് വിരുന്നു വരട്ടെ എന്ന് ഞാനും ആശംസിക്കുന്നു...
    പോസ്റ്റ്‌ ഇഷ്ടമായി

    ReplyDelete
  20. അരുണ്‍ നന്ദി. എവിടെയെങ്കിലും ഇച്ചിരി പഞ്ച് നിങ്ങള്‍ കണ്ടാല്‍ ഞാന്‍ ഹാപ്പി ആയി :ഡി
    മന്‍സൂര്‍ - നന്ദി, ഇനിയും വരണം കേട്ടോ
    Readers Dias - വിശുദ്ധന്‍ ആകാന്‍ ഇനി നാളുകള്‍ മാത്രം ബാക്കി. പിന്നെ ഞങ്ങള്‍ കുറച്ചു പേര്‍ ബാക്കി ഉണ്ടല്ലോ, ഗോവിന്ദന്‍ ചേട്ടന്‍ പട്ടിണി കിടക്കില്ല :)

    ReplyDelete
  21. ആ അന്ധവിശ്വാസി ഹിമാറിനോട് പോയി പണിനോക്കാന്‍ പറ ബിജീ..അല്ല, പിന്നെ..

    ReplyDelete
  22. എന്തായാലും അവന്റെ വിശ്വാസത്തിനു ഒത്ത പെണ്ണിനെ കിട്ടിയില്ലേ തൊഴിയൂര്‍ മാഷേ... അവന്‍ ഹാപ്പി നമ്മളും ഹാപ്പി

    ReplyDelete
  23. നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  24. വായിച്ചു ചിരിച്ചു. പതയുന്ന kingfisher-ഉം പറക്കുന്ന kingfisher-ഉം കലക്കി.

    ReplyDelete
  25. ബിജിത്തേ...ഞങ്ങളുടെ മകനുവേണ്ടി പെണ്ണ ന്വേഷിച്ചു നടന്നു ജാതകം നോക്കി നോക്കി ഞാനൊരു അര ജോല്സ്യത്തി ആയിത്തീര്‍ന്ന കാര്യം ഓര്‍ത്തുപോയി...
    ആശംസകളോടെ....

    ReplyDelete

നിങ്ങള്‍ക്ക് പറയാനുള്ളത് ഇവിടെ കുറിക്കുക...

Related Posts with Thumbnails