സൈക്കളോജിക്കൽ ശിക്ഷ

തക്കുടൂന്ന് തൈര് ജീവനാ. മൂന്നു നേരവും തൈര് കൂട്ടി ചോറ് കഴിച്ചോളും, മൂഡുണ്ടെങ്കിൽ ഇടയ്ക്കും. അത് കൊണ്ട് ഇന്നലെ ഞാൻ കുഞ്ഞാമിയെ ഊട്ടുന്നതിന്റെ ഇടയിൽ അവൾ തൈര് പാത്രത്തിൽ നിന്നും സ്‌പൂൺ എടുത്തു കഴിക്കുന്നത് കണ്ടപ്പോൾ അസ്വാഭാവികത തോന്നിയില്ല. പക്ഷേ കൈ കഴുകി വന്നപ്പോൾ കണ്ട കാഴ്ച ഭീകരം ആയിരുന്നു....

റൂം മുഴുവൻ തൈരുതുള്ളികൾ... അവളുടെ ഉടുപ്പും തലയിലും വരെ തൈര് ! കുഞ്ഞിക്കൈകൾ രണ്ടും തൈരിൽ മുക്കി കുടയുക, അപ്പോ അത് നക്ഷത്രകുഞ്ഞുങ്ങൾ ആയി തറയിലും ഭിത്തിയിലും വിരിയുന്നത് കണ്ടു രസിക്കുക... ഇതാണ് പണി...

ദേഷ്യം കൊണ്ട് എനിക്ക് നിക്കാൻ പറ്റാണ്ടായി... അതിനെ ചുരുട്ടി എടുത്തു നാല് പെട കൊടുത്താലോ എന്നായി ആലോചന.... അവൾ കരഞ്ഞാൽ എനിക്ക് പിടിക്കില്ല, മാത്രമല്ല കൂടുതൽ ഭീകരമായ കുറുമ്പ് എടുത്താകും അവൾ അതിനെ നേരിടുക. അങ്ങിനെ ചിന്തിച്ചപ്പോൾ എന്റെ ഭീകരബുദ്ധിയിൽ ഒരു ഐഡിയ വന്നു - ഇതൊന്നും ആവർത്തിക്കാൻ പോയിട്ട്, ഇതേ പോലെ ചിന്ത അവൾക്കുള്ളിൽ വരുമ്പോഴേ അവൾ പേടിച്ചു ചെയ്യാതിരിക്കാനുള്ള ഒരു വഴി.... എൻറെ ഐഡിയയുടെ അഹങ്കാരത്തിൽ ഞാൻ അവളുടെ അമ്മയേയും വിളിച്ചു... കുറുമ്പ് സിറ്റുവേഷൻസ് എങ്ങിനെ കൈകാര്യം ചെയ്യണം എന്നു അവളും മനസ്സിലാക്കട്ടെ....

ശിക്ഷ കടുത്തതായാലേ തെറ്റു ചെയ്യാൻ മടി കാണൂ. അവൾ വീട് വൃത്തികേടാക്കി, അപ്പോൾ അവൾ തന്നെ വൃത്തിയും ആക്കണം... 'അമ്മ വീട് വൃത്തിയാക്കാൻ എത്ര കഷ്ടപ്പെടുന്നു എന്ന് അവൾ മനസ്സിലാക്കട്ടെ... ഒരിക്കൽ അദ്ധ്വാനിച്ചാൽ പിന്നെ അതിന്റെ ഓർമ്മയിൽ ഇതേ മാതിരി ഒന്നും കാണിക്കാൻ നിൽക്കില്ല.... ഇതൊക്കെ അവൾക്കു മാത്രമല്ല കുഞ്ഞാവക്കും ഒരു പാഠമാകണം ഞാൻ അവളേയും എടുത്തു കൊണ്ട് വന്നു... ഇനി കുറുമ്പ് കാണിക്കുന്നേനു മുന്നേ രണ്ടാളും ഒന്നൂടെ ആലോചിക്കും....

ഞാൻ പോയി വെള്ളവും തുണിയും എടുത്തു കൊണ്ട് വന്നു തക്കുടുവിനോട് എല്ലാം തുടച്ചു വൃത്തിയാക്കാൻ പറഞ്ഞു :)
തക്കുടു : ഞാനോ, ഇതൊക്കെ...
ഞാൻ ( ഗൗരവത്തിൽ ) : തീർച്ചയായും....

മടി പിടിച്ചു തല കുമ്പിട്ടു നിൽക്കും എന്നു കരുതിയ തക്കുടു ദേ തുണി എടുത്തു തുടക്കാൻ തുടങ്ങി ! ഓരോ പുള്ളിയും തുടക്കും എന്നിട്ടു തുണി ബക്കറ്റിൽ മുക്കി കഴുകും ! തറ തുടക്കുന്നതിന്റെ ഇടയിൽ ദേ അച്ഛാ ഇവിടെ എന്ന് പറഞ്ഞു സെറ്റിയിൽ കയറി തുടക്കൽ, പിന്നെ ഡൈനിങ് ടേബിളിനു കീഴെ, അവളുടെ ഊയാലിന്റെ മേലെ, അവിടെ ഇവിടെ എല്ലാം തുടക്കലോടു തുടക്കൽ !!! കുഞ്ഞാവ കയ്യിൽ ഇരുന്നു കയ്യടിച്ചും കൂക്കി വിളിച്ചും പ്രോത്സാഹിപ്പിക്കുന്നു... അവരുടെ അമ്മയാകട്ടേ ഇനിയും ഉണ്ടോ ഇത് പോലത്തെ ബുദ്ധികൾ എന്ന് എന്നെ നോക്കുന്നു.... ഈശ്വരാ എന്താ ഈ കുഞ്ഞിന് സൈക്കളോജിക്കൽ ശിക്ഷകൾ മനസ്സിലാകാത്തെ....

കാലിന്മേലെ ഒരു തണുപ്പ് ഫീലിംഗ് എന്നെ ചിന്തയിൽ നിന്നും ഉണർത്തി. തക്കുടു എന്റെ കാലിലും ഒരു തൈര് തുള്ളി കണ്ടു തുടച്ചതാ... 'ഇനീണ്ടാ അച്ഛാ തുടക്കാൻ....' ഞങ്ങൾ നിന്നിരുന്ന ഇടം ഒഴികെ ഹാൾ മുഴുവൻ നനച്ചു വച്ചിട്ടുണ്ട്.... ഞാൻ തോറ്റു. ഗദ്‌ഗദകണ്ഠനായി അവളോട് 'മതി, അച്ഛനു തൃപ്തിയായി' എന്നും പറഞ്ഞു പാഴായി പോയ ഗുണപാഠങ്ങളെ ഊതി കളഞ്ഞു ഞാൻ സ്പോട്ടീന്നു സ്കൂട്ടായി....

പ്രസവാവധി

നിങ്ങടെ കൂടെ നിന്നാലേ എനിക്ക് റസ്റ്റ്‌ എന്ന് പറയുന്നത് , ആലോചിക്കാനേ പറ്റില്ല. ഞാൻ പിള്ളേരേം കൂട്ടി വീട്ടിൽ പോകാ. അവിടാകുമ്പോ റെസ്റ്റ് കിട്ടും. ഒരു മൂന്നാലു മാസം കഴിഞ്ഞേ ഇനി നിങ്ങടെ അടുത്തേക്കുള്ളൂ...
പതിവ് പോലെ പാതിരാ കഴിഞ്ഞ നേരത്ത് കിടക്കയിലേക്ക് ചാഞ്ഞപ്പോൾ അവളുടെ പരാതി... പാതിയല്ല മുക്കാലും ഉറക്കത്തിലായതിന്റെ പേരിൽ കേട്ടത് ശരിയാണോ എന്നറിയാൻ എന്താ വഴീന്നായി ഞാൻ... പയ്യെ കണ്ണു ഒന്ന് തിരുമ്മി, അവളുടെ നേരെ തിരിഞ്ഞു കിടന്നോണ്ടു വളരെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു - അപ്പോ എന്നീന്നു നീങ്ങി നിന്നാലേ നിനക്ക് പറ്റൂ????
സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കേസാ. ഞാൻ വളരെ ദുഖിക്കുന്നു എന്ന് കണ്ടാൽ അവൾ സെന്റിയടിച്ച് പോകാതെ ഇരിക്കും. ഞാൻ സന്തോഷിക്കുന്നു എന്ന് കണ്ടാൽ ഞാൻ സന്തോഷിക്കാതിരിക്കാൻ വേണ്ടി മാത്രവും പോകാതെയിരിക്കും! നോക്കീം കണ്ടും കരുക്കൾ നീക്കിയാൽ കുറച്ചു നാൾ ഇവിടെ ഒറ്റക്ക് അടിച്ചു പൊളിക്കാം.....
അവളും എന്റെ നേർക്ക്‌ തിരിഞ്ഞു കുറച്ചു കൂടെ അടുത്ത് നീങ്ങിക്കിടന്നു. ഇടയിൽ രണ്ടാമത്തെ കണ്മണി കണ്ണടച്ച്, എന്നാൽ ഒരു കള്ളച്ചിരിയോടെ ഇനി എന്താ പൂരം കാണാന്ന് നോക്കി കിടക്കുന്നു.... ഒരു മിനിറ്റ് അങ്ങിനെ കിടന്നു പിന്നെ കൈ കുത്തി തലയ്ക്കു താങ്ങ് കൊടുത്തു അവൾ മിണ്ടി തുടങ്ങി. തുടങ്ങീതു എപ്പോഴാണെന്ന് ഞാൻ വിട്ടു പോയി, അപ്പോഴേക്കും ഞാൻ പിന്നേം ഉറങ്ങീരുന്നു ! പക്ഷേ സാരാംശം ഇതാണ് - രണ്ടു പേരെ ഞാൻ ഓഫീസിൽ പോയാൽ നോക്കാൻ പാടാണ്, നാട്ടിൽ ആണെങ്കിൽ ചേച്ചിയും ഉണ്ടാകും, അവരുടെ മോൻ മൂത്തവൾക്കു കൂട്ടാവും എന്ന്. ഉറക്കം കളയാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് ഇതൊക്കെ നീ മനസ്സീന്നു കള. നാളെയും ഇതേ ചിന്ത ആണേൽ ആലോചിക്കാം എന്നും പറഞ്ഞു നീട്ടി വലിഞ്ഞു ഒരു ഉമ്മയും കൊടുത്തു ഞാൻ തിരിഞ്ഞു കിടന്നു. അല്ല നമുക്ക് എന്ന് അവൾ പിന്നേം മിണ്ടാൻ വന്നേനെ ശൂ ഗുഡ് നൈറ്റ്‌ എന്ന് ഞാൻ ഊതി കെടുത്തി....

രാവിലേയും അഭിപ്രായം അത് തന്നെ. വളരെ കൂടാതെയും എന്നാൽ ഒട്ടും കുറയാതെയും ദുഃഖം മുഖത്ത് വരുത്തി ഞാൻ ഓഫീസിലേക്ക് പോയി. മാനേജരോട് പത്തു നാൾ ലീവ് പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ നാട്ടിലേക്ക് പോകാൻ വണ്ടിയുടെ എയറും പെട്രോളും എല്ലാം ശരിയാക്കി. അപ്പോഴാണ്‌ അടുത്ത കുരിശു, നാൾ ശരിയല്ല! അത് കൊണ്ട് രണ്ടു ദിവസം കൂടെ കഴിഞ്ഞേ പോകാൻ പറ്റൂ! ആയിക്കോട്ടെ. മാനേജരെ വിളിച്ചു ലീവ് നീട്ടിച്ചു...

ഒരു വിധം നാട്ടിലെത്തി. തക്കുടു ആകെ ഉഷാറായി. അണ്ണന്റെ കളർ പെൻസിൽ എടുത്തു അവളുടെ വീട്ടിൽ വരയ്ക്കുന്ന പോലെ അവിടേയും കല. ഞാൻ തടുത്തപ്പോൾ വല്യച്ചൻ കുട്ടിയല്ലേ തടയേണ്ട എന്ന്.... അവൾ ഹാപ്പി. വൈകീട്ട് വല്യച്ചൻ വന്നപ്പോൾ ചുമർ തീർന്നത് കൊണ്ട് വെള്ള മാർബിളിൽ മെഴുകു പെൻസിലിലും കല... ആൾ ഞെട്ടി എന്നെ നോക്കി. ഞാൻ അവളെ തടയാൻ പാടില്ലായിരുന്നല്ലല്ലോ.... ആൾ തല എന്തിനോ കുടഞ്ഞു അകത്തു പോയി. ഒരു നിശബ്ദമായ അലർച്ച കേട്ട് ഞാൻ നോക്കിയപ്പോൾ വല്യമ്മയുടെ പൊട്ടുകൾ കൊണ്ട് കണ്ണാടിയും പുള്ളിയുടെ ലാപ്ടോപും അലങ്കരിച്ചു വച്ചിരിക്കുന്നു! മേശയും കിടക്കയും എല്ലാം പൌഡർ കൊണ്ട് മെഴുകിയിരിക്കുന്നുമുണ്ട്. ഇതിവൾ എപ്പോൾ ഒപ്പിച്ചാവോ....

ഞാൻ പതിയെ വരാന്തയിലേക്ക്‌ വലിഞ്ഞു. അവിടെ ദേ ഗാർഡനിൽ അവൾ പൈപ്പ് എടുത്തു കൊണ്ട് ഓടുന്നു, വല്യമ്മ അവളുടെ പിന്നാലെ. വരാന്ത മുഴുവൻ ചെളിയിൽ അവളുടെ കാൽമുദ്ര.

ഒരു വിധത്തിൽ ഞാൻ 8 മണിയാക്കി എടുത്തു ബംഗ്ലൂരിലേക്ക് ബസ് കേറി. എത്ര നാൾ അവളെ അവർ അവിടെ സഹിക്കും എന്നറിയില്ല. അത് വരെ ഞാൻ ഇവിടെ പാട്ടും എനിക്കിഷ്ടമുള്ള സിനിമകളും കുറച്ചു വീഞ്ഞും ഒക്കെയായി....

സഫരോം കാ സിന്ദഗി...
നടക്കുന്നോളം നടക്കട്ടെ ഇങ്ങനെ...

സ്നേഹത്തുമ്പി

അടുത്ത ആഴ്ച നാട്ടില്‍ എല്ലാവരെയും കൂട്ടി ഒരു ഒത്തു കൂടല്‍ പ്ളാന്‍ ചെയ്തിട്ടുണ്ട്. ഇപ്രാവശ്യം ഇത് വരെ ഇല്ലാത്ത എന്തെങ്കിലും വേണം സ്പെഷ്യല്‍ ആക്കുവാന്‍. ഭക്ഷണത്തിന്റെ ചുമതല എന്‍റെ അല്ല. അതു വീട്ടുകാര്‍ ഭംഗിയായി ചെയ്തു കൊള്ളും. സ്പെഷ്യല്‍ അന്വേഷിച്ചു ചെന്നെത്തിയത് ഒരു കള്ള് കടയില്‍ - മധുലോക... ചുറ്റുമുള്ള നാടന്‍ / വിദേശി പരിഷകളില്‍ നിന്നും അകന്നു, പ്രത്യേകം തയ്യാറാക്കിയ മുറിയില്‍, അലൌകിക പ്രകാശത്തില്‍ കുളിച്ചു തറവാടിയായി ഇരിക്കുന്നു എന്‍റെ സ്പെഷ്യല്‍ - ഷാംപെയ്‌ന്‍. ഇത്  മതി, ഇത് തന്നെ മതി. ഇത് വരെ ആരും ഒരു പാര്‍ട്ടിക്കും വീട്ടില്‍ ഷാംപെയ്‌ന്‍ പൊട്ടിച്ചിട്ടില്ല. ആദ്യമായി എന്‍റെ വീട്ടില്‍.. ഹ ഹ ഹ...

നന്ദി കാക്കച്ചീ, ഒരായിരം നന്ദി...

ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ബസ്സിലുള്ള യാത്ര ഇപ്പോള്‍ ശീലം ആയി. കുടുക്കവും, ആടിയാടിയുള്ള പോക്കും, ബ്രേക്കിടുമ്പോള്‍ മുന്നോട്ടു ആയുന്നതെല്ലാം തൊട്ടില്‍ ആട്ടുന്നത്‌ പോലെ രസകരം എന്ന് തോന്നുന്ന അത്രയ്ക്ക് ശീലം... എന്താ ചെയ്യാ, ട്രെയിനില്‍ ടിക്കറ്റ്‌ കിട്ടാന്‍ ഒരു വഴിയും ഇല്ല. മാസത്തില്‍ രണ്ടു തവണ പറക്കാന്‍ ഉള്ള തുട്ടില്ല, അപ്പോള്‍ ബസ്‌  യാത്ര ആസ്വദിക്കാന്‍ പഠിച്ചു. നിത്യത്തൊഴില്‍ അഭ്യാസം എന്നാണല്ലോ.

ഇനിയും കുട്ടിമാളൂ

ആദ്യാനുരാഗം...
ജീവിതം മുഴുവന്‍ ഒരു മുന്തിരിച്ചാറിന്റെ മാധുര്യത്തോടെ നമ്മുടെ കൂടെയുണ്ടാകും. കിട്ടാതെ പോയ പ്രണയം ആണെങ്കില്‍ ഒരിക്കലും ഉണങ്ങാത്ത, എന്നും ചോരയിറ്റുന്ന ഒരു മുറിവായും അതു കൂടെയുണ്ടാകും... ഉള്ളിലെ വീഞ്ഞ് നുരയുന്നതാണോ, അതോ എടുത്ത പുക കണ്ണിന്‍ മുന്നില്‍ രൂപമില്ലാതെ ആടുകയാണോ എന്ന് നിശ്ചയമുണ്ടായില്ലെങ്കിലും കുഞ്ഞി രാമന് ഒരു കാര്യം മനസ്സിലായി - തന്‍റെ ആദ്യാനുരാഗം - കുട്ടിമാളു, അവള്‍ തന്നെ ഇട്ടു പോയെങ്കിലും അവളുടെ ഓര്‍മ്മകള്‍ ഇപ്പോഴും അതേ തിളക്കത്തോടെ തന്‍റെ കൂടെ തന്നെയുണ്ട്‌...

അമേരിക്കന്‍ കാഴ്ചകള്‍...

അമേരിക്കന്‍ യാത്രക്ക് തയ്യാറായ കഥ മുന്നേ പറഞ്ഞതാണല്ലോ. അങ്ങിനെ കാത്തിരുന്ന ദിവസം വന്നെത്തി പറക്കാന്‍ സിലിക്കോണ്‍ വാലിയിലേക്ക്‌. കൊച്ചി - ദുബായ് - അമേരിക്ക . മൊത്തം 19  മണിക്കൂര്‍. 33 ,000  അടി മണ്ണില്‍ നിന്നും ഉയരെ. രാത്രിയും പകലും ഒന്നും അറിയാതെ, ഒരു ഇടുങ്ങിയ സീറ്റില്‍ ഒതുങ്ങി കൂടി. ഒന്നു കാലു നീട്ടി വക്കാന്‍ കൂടെ നിവൃത്തി ഇല്ലാതെ. നാട്ടിലേക്കുള്ള രാജഹംസ ബസ് ഇതിലും സൗകര്യം ഉണ്ടെന്നു തോന്നി... പിന്നെ ചെല്ലക്കിളികള്‍... കേറിയതും ആ പ്രതീക്ഷയും പോയി.  മാല്യയുടെ രീതിയും ഇവരുടെ രീതിയും തികച്ചും വേറെ തന്നെ... പൊന്മാന്റെ ചെല്ലക്കിളികള്‍ കുഞ്ഞുടുപ്പിട്ടു ഒഴുകി നടക്കുകയാണെങ്കില്‍ ഇവര്‍ നിലം മുട്ടുന്ന പാന്റ്സ് ആണ്, പിന്നെ ഒന്നോര്തപ്പോള്‍ അത് നന്നായി എന്ന് തോന്നി. പൊന്മാന്റെ കിളികളെക്കാള്‍ മൂന്നിരട്ടിയെങ്കിലും പ്രായം  ഉണ്ടല്ലോ അവര്‍ക്ക് ! പിന്നെ മല്ലന്മാരെ പോലെ ഉള്ള അവരുടെ കൂട്ടുകക്ഷികളെ കൂടെ കണ്ടതോടെ പൂര്‍ത്തിയായി ആ ആഗ്രഹം...ഉറങ്ങാന്‍ പറ്റാത്തതിനാല്‍ ഒന്നിന് പുറകെ ഒന്നായി സിനിമയും കണ്ടു ഇരുന്നു. 

അമേരിക്കയിലേക്ക്....

 "നീ ജോലിക്ക് കേറീട്ട് ആറു മാസം ആവുന്നതല്ലേ ഉള്ളു, അപ്പോഴേക്കും നിന്നെ അമേരിക്കയിലേക്ക്‌  വിടുകയാണോ..." എന്‍റെ സഹമുറിയന് അത്ഭുതം സഹിക്കാന്‍ ആവുന്നില്ല...
"അല്ലെടാ ഇതൊക്കെ വെറും ബിസ്കറ്റ്‌ അല്ലെ, അവനെ വിസ ഇന്റര്‍ വ്യുവിനു വിടും പക്ഷെ അമേരിക്കയിലേക്ക്‌ ഒരിക്കലും വിടില്ല. ഇത് ഇവനെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രം. പിന്നെ ഇപ്പൊ വിസയൊക്കെ കിട്ടാന്‍ എന്ത് പാടാ..." രണ്ടാമത്തെ  ചങ്ങാതിക്ക്  പ്രതീക്ഷ ബാക്കിയുണ്ട്.... 
ബോസ്സ് എന്നോട് വിസ ഇന്റര്‍  വ്യുവിനു ചെന്നൈ വരെ പോകാന്‍ പറഞ്ഞതിന്റെ ഒരു ആഫ്ടര്‍ ഇഫക്ട് ആണ് ഇതൊക്കെ... 


സൌഹൃദവലയിലെ കൂട്ടുകാരി

'നിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് വേണ്ട. നമ്മുടെ  ചങ്ങാത്തം ഇങ്ങിനെ ഇന്റെര്‍നെറ്റിലൂടെ മതി...'
'അത് ശരി... അങ്ങിനെയെങ്കില്‍ അങ്ങിനെ. ഇത് വരെ പലരും എന്‍റെ പിന്നാലെ നമ്പര്‍ ചോദിച്ചു നടന്നിട്ടെയുള്ളൂ. ഇപ്പൊ നിന്നോട് സംസാരിക്കണം എന്ന് തോന്നിയപ്പോള്‍ നിനക്ക് വേണ്ട. ശരി. അങ്ങിനെ തന്നെ ഇരിക്കട്ടെ...'

എന്‍റെ കൂട്ടുകാരി ചാറ്റില്‍ വന്നതാണ്. അവള്‍ക്കു എന്നോട് സംസാരിക്കണം അതിനു വേണ്ടി അവളുടെ ഫോണ്‍ നമ്പര്‍ തന്നപ്പോള്‍ നെറ്റ് ഫ്രണ്ട് ആയി ഇരിക്കാം എന്ന് പറഞ്ഞത് അവള്‍ക്കു ഇഷ്ടമായില്ല. അവള്‍ ലോഗ് ഔട്ട്‌ ചെയ്തു പൊയ്ക്കളഞ്ഞു...

അങ്ങനെ ഞങ്ങളുടെ ശുദ്ധനും പെണ്ണ് കിട്ടി..


'ഡാ വിടെടാ, ഇന്നത്തെ ബില്‍ ഞാന്‍ കൊടുക്കും...'
പച്ചപ്പ്‌ ബാറില്‍ കള്ള് കുടിക്കാന്‍ എത്തിയതായിരുന്നു ഞങ്ങള്‍. ശുദ്ധന്‍ അന്ന് നല്ല ഫോമിലേക്ക് ഉയര്‍ത്തപ്പെട്ടു. അതിന്റെ ഒരു 'ബഹിര്‍സ്ഫുരണം' ആയെ അവന്റെ ബില്ലിനോടുള്ള പിടിവലിയെ കണ്ടുള്ളൂ. പക്ഷെ പുള്ളി സീരിയസ് ആണ്.
'ഇന്നത്തെ ബില്‍ ഞാന്‍ കൊടുക്കും. എന്‍റെ കല്യാണം ആലോചിച്ചു തുടങ്ങി. ഇനി ഇങ്ങിനെ അലംബിനൊന്നും ഞാന്‍ ഇല്ല. അത് കൊണ്ട് ഇത് എനിക്ക് തന്നെ കൊടുക്കണം'.
ഇന്നലെ വരെ കള്ളില്‍ മുങ്ങി നടന്നവന്‍ വരെ വിവാഹത്തോടെ ഡീസന്റ് ആകുന്നതും, പിന്നെ ഭാര്യയെ പ്രസവത്തിനു കൊണ്ട് പോകുന്നതോടെ പഴയ ഉശിര് വീണ്ടെടുക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് ക്ഷമ പറഞ്ഞു വരുന്നതും ഒത്തിരി കണ്ടിട്ടുള്ളത. അതിലേക്കു ഇതാ ഇപ്പൊ ശുദ്ധനും കൂടി ആയി...
ബില്ലും ഗോവിന്ദന്‍ ചേട്ടന് ഭാരിച്ച ഒരു ടിപും കൊടുത്തു ഞങ്ങള്‍ ഇറങ്ങി. നാളെ മുതല്‍ എങ്ങിനെയൊക്കെ ഡീസന്റ് ആകാന്‍ പോകുന്നു എന്ന അവന്റെ പ്ലാന്‍ ഞങ്ങളാരും കേട്ടില്ല. കേള്‍ക്കാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ല.

അവനു അവളോട്‌ മുടിഞ്ഞ പ്രേമം ആയിരുന്നു...


ഇന്ന് ഒത്തിരി നേരത്തെ ഉറക്കം തെളിഞ്ഞോ... ജനലിനു പുറത്തെ സൂര്യന് ഇപ്പോഴും തുടുത്ത ചുവന്ന നിറം മാത്രം... അല്ല, അതിനിടയില്‍ ഒരു മുഖം... 'എന്താ മാഷേ ഓഫീസില്‍ പോണ്ടേ..'
പ്രിയതമയാണ്‌. സൂര്യന്റെ ചുവപ്പ് ബാക്ക് ഗ്രൌണ്ട് കൂടെ വന്നപ്പോള്‍ അവളുടെ തുടുത്ത മുഖത്തിന്‌ ഓമനത്തം ഏറുന്നു... എങ്കിലും ഈ വെളുപ്പിനെയുള്ള എഴുന്നെല്‍പ്പിക്കല്‍ഒരു ബോറന്‍ ഏര്‍പ്പാടാ. ദേഅവളുടെ അടുത്ത നമ്പര്‍. അടിവയറ്റില്‍ ഇക്കിളി ആക്കുന്നു...
'ഓ, ഒരു പത്തു മിനിറ്റ് കഴിയുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാം, നീ പോയി ചായ ഇടൂ...'
ഞാന്‍ ഒന്ന് തിരിഞ്ഞു കിടന്നു. കണ്ണ് തുറന്നപ്പോള്‍ ദേ വേറെ ഒരു മുഖം. ഇതേതാ ഈ ഉണ്ട കണ്ണും ചപ്ര തലമുടിയും...
അയ്യോ മാനേജര്‍...
'എന്തെ ഉറങ്ങുവാണോ..'
'അത് പിന്നെ...'
'പണി എന്തായി... നിന്റെ പണി തീര്‍ത്തു അടുത്ത ടീമിന് ഞാന്‍ കഴിഞ്ഞ ആഴ്ച്ചയെ കൊടുക്കാന്‍ പറഞ്ഞതല്ലേ... അത് തീര്‍ന്നോ...'
'അത് പിന്നെ, പണി കുറച്ചുണ്ട്. പിന്നെ അവര്‍ക്ക് അത് അടുത്ത മാസമേ ആവശ്യം ഉള്ളു.'
'അത് നീ എന്നെ പഠിപ്പിക്കേണ്ട, നിന്നെ ഏല്‍പ്പിച്ച പണി ഇന്ന് തന്നെ തീര്‍ക്കണം.'
'എന്തിനാ അവര്‍ക്ക് ദിവസവും രാവിലെ തൊട്ടു തലയില്‍ വയ്ക്കാനോ'

ചേഞ്ച്‌ ആര്‍ക്കാണ് വേണ്ടത്...


മാറ്റമില്ലാത്തത് ഒന്നേയുള്ളൂ, അത് മാറ്റമാണ് - എന്ന് പറയാന്‍ സുഖമുണ്ട്. പക്ഷെ നമ്മള്‍ എന്തൊക്കെ ചെയ്തിട്ടാണെങ്കിലും തടയാന്‍ ശ്രമിക്കുന്ന ഒന്നല്ലേ ഈ മാറ്റം... എന്നത്തേതും പോലെ ഇന്നും, മറ്റുള്ളവരുടെ പോലെ തന്നെ നമ്മളും എന്ന ലൈന്‍ അല്ലാതെ ഒന്ന് മാറി ചിന്തിക്കാന്‍ നമ്മള്‍ ശ്രമിക്കുമോ... അഥവാ നമ്മള്‍ ശ്രമിച്ചാല്‍ തന്നെ മറ്റുള്ളവര്‍ അതിനു സമ്മതിക്കുമോ...

ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ...


എല്ലാ ദിവസവും ഒരേ പോലെ ഇരുന്നാല്‍ എന്താ പിന്നെ ഒരു രസം ഉള്ളത്. ഓരോ നിമിഷവും എന്ത് നടക്കും എന്ന് മുന്നേ അറിഞ്ഞാല്‍ ത്രില്ല് പോയില്ലേ. എല്ലാം യാന്ത്രികം ആകുമ്പോള്‍ മനസ്സില്‍ ബോറടി നിറയും എന്ന് പണ്ട് ഒരു രാജാവോ മകനോ പറഞ്ഞിട്ടുണ്ടല്ലോ...


എനിക്ക് യാന്ത്രികതയെ ഒട്ടും ഇഷ്ടമല്ല, സത്യം. എങ്ങിനെയെങ്കിലും കുറച്ചൊക്കെ ഉഷാറാക്കാന്‍ഞാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ചിലപ്പോഴൊക്കെ ലോട്ടറി പോലെ ഇച്ചിരി സാഹസികത എന്നെ തേടി വരാറുംഉണ്ട്. ഇത് അങ്ങിനത്തെ ഒരു സംഭവം ആണ്. ഒരു മണിക്കൂറെ ഉണ്ടായുള്ളൂ എങ്കിലും ആകെ ത്രില്ലടിച്ച നിമിഷങ്ങള്‍...

ഉത്സവം എനിക്ക് നഷ്ടപ്പെട്ടു, ഇരിഞാലക്കുടക്കാര്‍ക്കും...


ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രം - നാടിന്റെ ഐശ്വര്യം നാട്ടാരുടെ സ്വന്തം സ്വാമി.
ലോകത്തിലെ ഒരേയൊരു ഭരതക്ഷേത്രം ( ഇപ്പൊ വേറെയും ഉണ്ടെന്നു കേള്‍ക്കുന്നു ) . മാണിക്യ കല്ലിനോളം തിളക്കമുള്ള വിഗ്രഹം. മാമുനിമാര്‍ തപസ്സു ചെയ്തിരുന്ന ഇടം. പുണ്യ നദികള്‍ ഭൂമിക്കുള്ളിലൂടെ വന്നു സംഗമിക്കുന്ന തീര്‍ഥ കുളം. രാമായണ മാസക്കാലത്ത് സന്ദര്‍ശിക്കേണ്ട ഒരിടം. ഞങ്ങള്‍ ഇരിഞാലക്കുടക്കാരുടെ സ്വകാര്യ അഭിമാനം.

പത്തു ദിവസത്തെ ഉത്സവം. ഇക്കൊല്ലതെത് മറ്റന്നാള്‍ അവസാനിക്കും. കൊടി കേറിയാല്‍ ഇറങ്ങും വരെ അമ്പല മതില്‍ കെട്ടില്‍ ഇരുപത്തിനാല് മണിക്കൂറും കലാപരിപാടികള്‍. ശീവേലി മതില്‍ കെട്ടില്‍ ആയതിനാല്‍, കുറച്ചെങ്കിലും ഭക്തിയോ താല്പര്യോ ഇല്ലാത്തവര്‍ കാണില്ല. അത് കൊണ്ട് അലമ്പില്ലാതെ ആന ഉത്സവം കാണാം.
പതിനേഴു ആനകളും, തിടംബെടുത്തു നില്‍ക്കുന്ന ആനയുടെ ഇരു വശത്തും രണ്ടു ഉള്ളാനകള്‍ ( കുട്ടി ആന ) നല്ല പഞ്ചവാദ്യം അങ്ങിനെ ആഘോഷത്തിന്റെ മേളം തന്നെ.

കശുമാങ്ങാ ചാറിന്റെ മണമുള്ള ഓര്‍മ്മകള്‍...


അമ്മൂമ്മയെ കാണാന്‍ കഴിഞ്ഞ തവണ പോകാത്തതിന്റെ പരിഭവം ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു... പിന്നെ സമയം കിട്ടിയില്ല എന്ന എന്‍റെ നുണയില്‍ എന്നത്തേയും പോലെ അമ്മൂമ്മ വീണു. 'അവിടെ ഓഫീസിലും തിരക്ക് ഇവിടെ വീകെണ്ടിനു വന്നാല്‍ അച്ഛനും അമ്മയ്ക്കും കാണാന്‍ പോലും കിട്ടുന്നില്ലല്ലോ നിന്നെ...' സത്യത്തില്‍ ആ കുരുത്തം കേട്ട നീഡ്‌ ഫോര്‍ സ്പീഡ് എന്നെ ജയിക്കാന്‍ തരണ്ടേ... വളരെ തവണ പോരുതിയിട്ടാ ആ ലവളെ ഓടി പിടിച്ചത്... തിരിച്ചു പോകാനുള്ള ബസ്‌ വൈകിയതിനാല്‍ മാത്രമാണ് ഞാനും അതില്‍ കേറി പോയത്...

എന്തായാലും ഇത്തവണ അമ്മൂമ്മയെ കണ്ടിട്ടേ ഉള്ളു എന്ന് തീരുമാനിച്ചതാ. മാസത്തില്‍ ഒരിക്കല്‍ എങ്കിലും പുള്ളികാരിയെ കണ്ടില്ലേല്‍ എനിക്കും ഒരു വല്ലയ്മായ... അമ്മൂമ്മക്ക്‌ ഏറെ ഇഷ്ടമുള്ള കൊഴുക്കട്ടയും വാങ്ങി പുറപ്പെട്ടു. മധുരം കഴിക്കുന്നത്‌ കുറച്ചെങ്കിലും കൊഴുക്കട്ടയോടു ഇപ്പോഴും സൗഹൃദം തന്നെയാ പുള്ളി.

ഒരു 'കുഞ്ഞു'യാത്ര

ഉച്ചക്ക് ശേഷം വളരെ തിരക്കായിരുന്നു. തന്‍റെ കല്യാണത്തിന് വന്നില്ലേല്‍ മേലാല്‍ നാട്ടില്‍ കാലു കുത്തേണ്ട എന്ന് സുഹൃത്ത്‌ സ്നേഹപൂര്‍വ്വം ഭീഷണിക്കുമ്പോള്‍ പോകാതിരിക്കാന്‍ ആവില്ലല്ലോ... നേരത്തെയുള്ള ബസ്സിലാണ് ടിക്കറ്റ് കിട്ടിയത്, അത് കൊണ്ട് സ്റ്റാന്‍ഡില്‍ വിടാനും ആരും ഇല്ല. തിരക്കിട്ട് എത്തിയപ്പോഴോ വണ്ടി വന്നിട്ടും ഇല്ല. ഭാഗ്യം, ഒന്നര മണിക്കൂര്‍ കൊതുക് കടി കൊണ്ട് ഇരുന്നപ്പോഴേക്കും വണ്ടി വന്നു !!

ഹ്യുമര്‍ സെന്‍സ്...

ഓഫീസിലേക്ക് ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ തുടങ്ങിയതില്‍ പിന്നെ ടീം മേറ്റ്സിനു ഇത്തിരി ബഹുമാനം തോന്നി തുടങ്ങിയിട്ടുണ്ട്. ബാച്ചിലേര്‍സ് ഭക്ഷണം ഉണ്ടാക്കുക, കൊണ്ടു വരിക എന്നൊക്കെ പറഞ്ഞാല്‍ സംഭവം തന്നെ ആണല്ലോ... ആകെ കല്യാണം കഴിച്ചവര്‍ക്കെ അങ്ങിനെയുള്ള ആര്‍ഭാടങ്ങള്‍ ഉണ്ടാകാറുള്ളൂഇവിടെ..
അങ്ങിനെയിരിക്കെ ഒരു ദിവസം സോഫ്റ്റ്‌ വെയറിലെ ഒരു പുള്ളി ഞാന്‍ ഓവനില്‍ ഭക്ഷണം ചൂടാക്കുന്നത്കണ്ടു. ആദ്യത്തെ തിയറി അറിയാവുന്ന അവന്‍ എനിക്കും ഡബ്ബ കിട്ടിയല്ലോ എന്ന് അസൂയപ്പെട്ടു. അപ്പോഴാണ്‌ എന്റെ കല്യാണക്കാര്യം അവന്‍ ഓര്‍ത്തത്‌.. എന്നായിരുന്നു അറിയിച്ചില്ലല്ലോഎന്ന് പരിഭവം.... കല്യാണം നടക്കുമ്പോള്‍ എന്‍റെഅമ്മക്ക് പോലും കാര്യം അറിയുമായിരുന്നില്ല എന്ന് ഞാന്‍ തട്ടി വിട്ടു... അവന്‍ ആകെ വണ്ടര്‍ അടിച്ച് നോക്കുന്നു... മന്നുണ്ണീ... ഒരാളെ പറ്റിച്ച സന്തോഷത്തില്‍ ഞാനും... അല്ലേലും ഈ സോഫ്ടന്മാര്‍ക്ക് ബുദ്ധി ഒരു പൊടി കുറവാ... പക്ഷെ ഞാന്‍ സോഫ്റ്റ്‌ വെയറില്‍ അല്ലാത്തത് കൊണ്ടു എന്‍റെ മണ്ട നിറച്ചും ബുദ്ധിയാനെ...

കുട്ടിമാളു പരിണയം

കുട്ടിമാളു പ്രണയം ഓര്‍മയുണ്ടല്ലോ... ഒരു ചെറിയ തെറ്റിധാരണയുടെ പേരില്‍ കുഞ്ഞിരാമനെ വെറുക്കപ്പെട്ടവന്‍ ആയി കുഞ്ഞിമാളൂ പ്രഖ്യാപിക്കുകയും കുഞ്ഞിരാമന്‍ അവളെയോര്‍ത്തു മോങ്ങി മോങ്ങി നിമിഷങ്ങള്‍ എണ്ണിഎണ്ണി തള്ളി നീക്കുകയും ആയിരുന്നല്ലോ . ഒരു മേഘസന്ദേശത്തില്‍ കൂടി കുട്ടിമാളു പ്രണയം വായിച്ചതും തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ അവളുടെ മനസ്സില്‍ നിന്നും നീങ്ങുകയും അവരുടെ പ്രണയം പിന്നെയും തട്ടി മുട്ടി നീങ്ങാന്‍ തളിര്‍ക്കുകയും ചെയ്തു. അവളുടെ മോഹവലയത്തില്‍ എല്ലാം മറന്നു കുഞ്ഞിരാമന്‍ പൂര്‍വാധികം ശക്തിയോടെ പ്രണയിക്കുകയും ചെയ്തു.

ഇന്നു കുട്ടിമാളുവിന്റെ വിവാഹം ആണ്. അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ദിവസം. പരമാവധി നാണം കഷ്ടപ്പെട്ട് മുഖത്ത് വരുത്തി തല കുനിച്ചു അവള്‍ നിന്നു. പിന്‍ കഴുത്തില്‍ താലിച്ചരട് വീഴുന്നതും വിറയാര്‍ന്ന കൈകള്‍ അത് കൂട്ടി കെട്ടുന്നതും അവള്‍ അറിഞ്ഞു. കുഞ്ഞിരാമന്റെ കൂടെ കണ്ട സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം... അവളുടെ കണ്ണുകള്‍ കുഞ്ഞിരാമന്റെ കണ്ണുകളുമായി ഉടക്കി.

സുന്ദരിക്കാക്ക

കാറിന്‍റെ പിന്‍സീറ്റില്‍ ഉറച്ചിരുന്നു മീനാക്ഷി ഊറിചിരിച്ചു.. വേറെ ഒരുത്തന്‍ കൂടി തന്‍റെ സൌന്ദര്യത്തില്‍ വീണിരിക്കുന്നു... നാല്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി മാസങ്ങളെ ഉള്ളു. എന്നിട്ടും ഓഫീസില്‍ പുതുതായി എത്തിയ പയ്യന്‍സ്‌ വരെ തന്‍റെ ഒരു കടാക്ഷത്തിനു കാത്തു കെട്ടി കിടക്കുകയല്ലേ... ഇനിയെത്ര പേരു കൂടി...

ബാബുവിന്‍റെ വലുപ്പപ്രശ്നം...

രാവിലെ ഓഫീസില്‍ എത്തിയപ്പോ ഇത്തിരി വൈകി ( മാനേജര്‍ കണ്ണുരുട്ടി കാണിക്കും എന്നപേടി ഇല്ല കേട്ടോ, ഞാന്‍ ഒരു ചായയൊക്കെ കുടിച്ചു റിലാക്സ് ചെയ്യുംപോഴേക്കെ പുള്ളിക്കാരി എത്തൂ ) ബൈക്ക് വച്ചു പടി കയറി തുടങ്ങി. രണ്ടാം നിലയിലേക്ക് ലിഫ്ടില്ലാതെഉള്ള കയറ്റം ആണ് എന്‍റെആരോഗ്യത്തിന്‍റെരഹസ്യം. വലിയ ആരോഗ്യം ആവശ്യം ഇല്ലാത്തതിനാല്‍ ദിവസം ഒരിക്കലെ കസര്‍ത്തിനു പോകൂ. അമ്മയെ വിളിക്കുന്നതും എന്നും സമയത്തു തന്നെ. അമ്മയെ വിളിച്ചു വിശേഷങ്ങളൊക്കെ അറിഞ്ഞു അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞു പറ്റിച്ചപ്പോഴേക്കുംസീറ്റ് എത്തി. അപ്പോഴാണ് ബാബു മോന്‍ കല്യാണം കഴിഞ്ഞു തിരിച്ചെത്തിയ കാര്യം ഓര്‍ത്തത്‌. അവന് ആദരാജലിഅര്‍പ്പിച്ചിട്ടാകാംഇന്നത്തെ പണി എന്നും ഉറപ്പിച്ചു അവന്റെ സീറ്റിലേക്ക് വച്ചു പിടിച്ചു.

സ്വപ്നം പോലെ ജീവിക്കാം...

ഇന്നു എന്‍റെ പോസ്റ്റ് കഥ ഒന്നും അല്ല. കുറച്ചു കട്ടികൂടിയ ചിന്തകളാണ് ഇന്നത്തെ വിഭവം. വെറുതെ മാനത്ത് നോക്കി ഇരുന്നപ്പോള്‍ തോന്നിയ മണ്ടത്തരങ്ങള്‍ അല്ല ഇവ കേട്ടോ. എല്ലാവരും നാളെ ജീവിക്കേണ്ടത് എങ്ങിനെ എന്ന് ആലോചിച്ചു ഇന്നത്തെ ജീവിതം ജീവിക്കാന്‍ മറന്നു പോകുന്ന പോലെ തോന്നുന്നു. പക്ഷെ നമ്മുക്ക് ഭാവിയുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്തിടത്തോളം ആ ചിന്തകള്‍ക്ക് എന്താ പ്രസക്തി... നാളത്തെ സന്തോഷവും സമൃദ്ധിയും സുഖവും എല്ലാം ഉറപ്പിക്കാന്‍ നടന്നു നമ്മള്‍ ഇന്നത്തെ ജീവിതത്തിനു എന്തെ ഒരു മുടക്ക് വക്കുന്നു... ഇന്നത്തെ ജീവിതം ഇന്നു തന്നെ ജീവിക്കണം, ഭംഗിയായിസന്തോഷമായി സമൃദ്ധിയായി... അതാണ് എന്‍റെ ജീവിതത്തെ കുറിച്ചുള്ള കോണ്‍സെപ്റ്റ്..

Related Posts with Thumbnails